ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ബിഎംടിസി ബസുകളിലെ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് 15 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റെടുക്കുന്നവർക്ക് ആകെ തുകയിൽ 15 ശതമാനം കുറവാണ് ലഭിക്കുക. എസി, നോൺ എസി ബസുകളിലെ യാത്രക്കാർക്കു നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെ ഇളവുകൾ പ്രാബല്യത്തിൽ വരും.കൂടാതെ എസി, നോൺ എസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയും ഗതാഗതവകുപ്പിന്റെ പരിഗണനയിലുണ്ട്.
ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ നടപ്പിൽ വരുത്തും. നമ്മ മെട്രോയും വെബ്ടാക്സികളും കടുത്ത മൽസരം ഉയർത്തുന്ന സാഹചര്യത്തിൽ ബിഎംടിസിയുടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നിരക്കിളവ് അടക്കമുള്ള നടപടികളെന്നും മന്ത്രി പറഞ്ഞു.
പുതുവർഷത്തിൽ ബിഎംടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം മുതൽ 37 ശതമാനം വരെ കുറച്ചതിനു പിന്നാലെ നോൺ എസി ബസുകളിലേയും നിരക്കു കുറയ്ക്കുന്നതു ഗുണം ചെയ്യുക പതിവു യാത്രക്കാർക്ക്. ഐടി സോണുകളിലേക്കുള്ള എസി ബസുകളിലെ മിനിമം നിരക്ക് 15 രൂപയിൽ നിന്ന് 10 രൂപയായാണ് കുറച്ചത്. നോൺ എസി ബസുകളിലെ മിനിമം നിരക്ക് അഞ്ച് രൂപയാണ്. ആദ്യഘട്ടത്തിൽ ഗ്രൂപ്പ് ടിക്കറ്റിനാണ് നിരക്കിളവ് പ്രഖ്യാപിച്ചതെങ്കിലും പ്രതിദിന, പ്രതിമാസ പാസിന്റെ നിരക്കുകൾ കുറച്ചാൽ കൂടുതൽ പേരെ ബസ് യാത്രയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ബിഎംടിസിയുടെ നഷ്ടം 260.91 കോടിരൂപയാണ്.പുതിയ 1500 നോൺ എസി ബസുകൾ കഴിഞ്ഞ കൊല്ലം നിരത്തിലിറക്കിയതോടെ അറ്റകുറ്റപണികൾക്കുള്ള ചെലവിൽ കുറവു വന്നിട്ടുണ്ട്.എട്ടു ലക്ഷം കിലോമീറ്റർ ഓടിയ പഴയ ബസുകളിൽ എൺപത് ശതമാനത്തോളം നിരത്തിൽ നിന്നു പിൻവലിച്ചു.പുതിയ 500 ബസുകൾ കൂടി എത്തുന്നതോടെ കാലപ്പഴക്കമുള്ള കുറെ ബസുകൾ കൂടി നിരത്തുകളിൽ നിന്ന് പിൻവലിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.