കണ്ണൂരിൽ നിന്നെത്തിയ 10 അംഗ കുടുംബം കലാശിപാളയത്ത് ബസിറങ്ങിയശേഷം രണ്ട് ഓട്ടോറിക്ഷകളിലായാണ് ഹൊറമാവിലെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ടത്. കമ്മനഹള്ളിയിലെത്തി വഴി ചോദിക്കാന്‍ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നംഗസംഘം ഷമീമിന്റെ ഭാര്യ സുൽഫത്തിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു. മോഷ്ടാക്കളിൽ രണ്ടു പേർ ഹെൽമറ്റ് ധരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ ഇവരെ പിൻതുടർന്നെങ്കിലും അമിതവേഗത്തിൽ ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഷമീം അവധിക്കായി നാട്ടിലെത്തിയതായിരുന്നു.
കലാശിപാളയം മുതൽ ഇവർ ബൈക്കിൽ പിൻതുടർന്നതായി സൂചനയുണ്ട്. ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ കമ്മനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കമ്മനഹള്ളി മേഖലയിൽ അടുത്തിടെ സമാനമായ രീതിയിൽ കവർച്ചകൾ അരങ്ങേറിയിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിനും തലവേദനയായിട്ടുണ്ട്. വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച ബൈക്കിലും കാറിലുമെത്തിയാണ് ഏറെ കവർച്ചകളും നടക്കുന്നത്. കവർച്ചക്കിരയായവർ ഏറെയും അന്യനാട്ടുകാരായതിനാൽ അന്വേഷണം പാതിവഴിയിൽ നിലയ്ക്കാറാണ് പതിവ്.