ബെംഗളൂരു ∙ ഏറെ നാളായുള്ള മുറവിളിക്കു പരിഹാരമായി നമ്മ മെട്രോ മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ പാർക്കിങ് സൗകര്യമായി. പർപ്പിൾ ലൈനും ഗ്രീൻ ലൈനും സംഗമിക്കുന്ന സ്റ്റേഷനിൽ കർണാടക ആർടിസി ടെർമിനലിനോട് ചേർന്നാണ് പേ ആൻഡ് പാർക്ക് സൗകര്യം ആരംഭിച്ചിട്ടുള്ളത്. ഗുബി തോട്ടടപ്പ റോഡിലൂടെയും ടാങ്ക് ബഡ് റോഡിലൂടെയും പാർക്കിങ് കേന്ദ്രത്തിലേക്കു പ്രവേശനമുണ്ട്.
ഇവിടെ ഒരേസമയം 500 ഇരുചക്രവാഹനങ്ങളും 80 കാറുകളും നിർത്തിയിടാം. മെട്രോ യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന മജസ്റ്റിക് സ്റ്റേഷനിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ പലരും സിറ്റി റെയിൽവേ സ്റ്റേഷനിലും കർണാടക ആർടിസി ടെർമിനലിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. പ്രവൃത്തിദിവസങ്ങളിൽ ഒന്നരലക്ഷം പേർ മജസ്റ്റിക് സ്റ്റേഷനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.
കർണാടക ആർടിസി, ബിഎംടിസി, മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണവും ഉടൻ ആരംഭിക്കുന്നുണ്ട്. ഒരേസമയം 1500 കാറുകൾക്ക് ഇവിടെ പാർക്കിങ് സൗകര്യമുണ്ടാകും. മറ്റു മെട്രോ സ്റ്റേഷനുകളിലും പാർക്കിങ് സൗകര്യം ആരംഭിക്കാനുള്ള ടെൻഡർ വിളിച്ചിരുന്നു. പാർക്കിങ് സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
ഇരുചക്രവാഹനങ്ങൾക്ക് ആദ്യത്തെ നാലു മണിക്കൂറിനു 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ചുരൂപ വീതവും ഒരു ദിവസത്തേക്ക് 30 രൂപയുമാണ് നിരക്ക്. നാലു ചക്രവാഹനങ്ങൾക്ക് ആദ്യത്തെ നാലു മണിക്കൂറിന് 30 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയും ഒരു ദിവസത്തേക്ക് 60 രൂപയുമാണ് നൽകേണ്ടത്. പ്രതിമാസ പാസ് ഇരുചക്രവാഹനങ്ങൾക്ക് 750 രൂപ; നാലുചക്രവാഹനങ്ങൾക്ക് 1500 രൂപ.