ബെംഗളൂരു: പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഇടാൻ കാർ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഊബർ ഡ്രൈവർമാർ ചേർന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം യാത്രക്കാരനെ മർദിച്ചതായി പരാതി. ബെംഗളൂരുവിലെ വ്യവസായിയായ ദാവെ ബാനർജി (48) ക്കാണ് ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മർദനമേറ്റത്. മുംബൈയിൽ നിന്നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ ദേവെ മറ്റു മൂന്നു സഹപ്രവർത്തകരോടൊപ്പം കാറിൽ നഗരത്തിലേക്ക് വരികയായിരുന്നു.
സീറ്റിനിടയിലേക്ക് ആഴ്ന്നു പോയ ബക്കിൾ പുറത്തെടുക്കാൻ വിഷമം നേരിട്ടതോടെ, ഡ്രൈവറോടു കാർ നിർത്തി സഹായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ കേൾക്കാത്ത രീതിയിൽ ഓടിച്ചുപോയി. ബഹളമുണ്ടാക്കിയപ്പോൾ കാർ നിർത്തി ദാവെയോടും കൂട്ടരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഡ്രൈവർ നടന്നകന്നു. ഊബർ എമർജൻസിയിൽ വിളിക്കാൻ ദാവെ ശ്രമം നടത്തിയെങ്കിലും വേണ്ട പ്രതികരണം ഉണ്ടായില്ല.
ആ ട്രിപ്പ് അവസാനിപ്പിച്ചതായി ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു കാറിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു. തുടർന്ന് പതിനഞ്ചോളം ഡ്രൈവർമാർ പിന്തുടർന്നെത്തി കാർ നിർത്തിച്ചതിനു ശേഷം ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. മൂക്കാൽ മണിക്കൂറോളം കാറിനുള്ളിൽ മർദനം തുടർന്നതായാണ് ദാവെയുടെ പരാതി. കഴുത്തിലും കൈയിലും മുറിവേറ്റിട്ടുണ്ട്. ആരോപണം നേരിട്ട ഡ്രൈവറെ പുറത്താക്കിയതായി ഊബർ അറിയിച്ചു.