ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് സംസ്ഥാനത്തു മദ്യനിരോധനം നടപ്പാക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഇതിനകം സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയ ബിഹാർ സന്ദർശിച്ച എംഎൽഎ ബി.ആർ. പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ ഇതിന്റെ പ്രായോഗികത സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തുകയും ചെയ്തു.
മദ്യനിരോധനം സംബന്ധിച്ചു ചർച്ച ചെയ്യാൻ ഇവർ എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിക്കുമെന്നാണ് വിവരം. 31 അംഗ പ്രതിനിധി സംഘമാണ് ബിഹാറിലെത്തി മദ്യനിരോധനം സംബന്ധിച്ചു പഠനം നടത്തിയതെന്നു ബി.ആർ. പാട്ടീൽ പറഞ്ഞു. മദ്യനിരോധനത്തെ തുടർന്നു വാഹനാപകടങ്ങളിൽ കുറവുണ്ടായതായാണ് നിതീഷ് കുമാർ അറിയിച്ചത്.
ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്തു. അതിനാൽ മദ്യനിരോധനം കർണാടകയ്ക്കും ഗുണകരമാകുമെന്നു പാട്ടീൽ പറഞ്ഞു. അതേസമയം പാർട്ടി നേതാക്കളുടെ ആശയത്തോടു മുഖ്യമന്ത്രി സിദ്ധരാമയ്യ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. മദ്യനിരോധനം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനത്തു മാത്രം മദ്യം നിരോധിക്കുന്നതു കൊണ്ടു പ്രയോജനമൊന്നുമില്ല. അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്നവർ മദ്യം ഏതെങ്കിലും വിധത്തിൽ സംഘടിപ്പിക്കും. ഇതു വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും വ്യാജമദ്യ ഉപയോഗം വ്യാപകമാകാനും കാരണമാകും. ഇതിനെല്ലാം പുറമെ എക്സൈസ് വകുപ്പിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തിനു നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.