കാൽനട യാത്രക്കാർക്കായി രണ്ടു മേൽപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരു-തുമക്കൂരു, ബെംഗളൂരു-ചെന്നൈ റെയിൽവേ ലൈനുകൾക്കു മുകളിലൂടെയാണ് നാലുവരി മേൽപാലം കടന്നുപോകുന്നത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്ഷൻ ചുറ്റാതെ നേരിട്ട് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ പാലം വരുന്നതോടെ സാധിക്കും.
റെയിൽവേയുടെ അധീനതയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമിയേറ്റെടുത്തിട്ടാണ് ഇവിടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയിൽ പ്രവൃത്തികൾ ഉദ്ദേശിച്ച രീതിയിൽ മുന്നേറാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഗതാഗതകുരുക്ക് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ ജംക്ഷനുകളിൽ സിഗ്നൽ ഫ്രീ കോറിഡോറുകൾ സ്ഥാപിക്കുന്നത്. മൈസൂരു റോഡ്, സിൽക്ക് ബോർഡ്, യശ്വന്ത്പുര, വിജയനഗർ, ഡെയറി സർക്കിൾ, ഡൊംളൂർ എന്നിവിടങ്ങളിലാണ് സിഗ്നൽ ഫ്രീ പാതകൾ സ്ഥാപിക്കുന്നത്.
മേൽപാലങ്ങൾക്കൊപ്പം ചെറുവാഹനങ്ങൾക്കു കടന്നുപോകാൻ പ്രത്യേക പാതകളുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഔട്ടർ റിങ് റോഡിൽ മൈസൂരു റോഡിലെ നായന്തഹള്ളി മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജംക്ഷൻ വരെയുള്ള 17 കിലോമീറ്റർ ദൂരവും സിഗ്നൽ ഫ്രീ കോറിഡോറാക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതിൽ ഹൊസക്കരഹള്ളിയിലെ മേൽപാലനിർമാണം പൂർത്തിയായി ഗതാഗതത്തിനു കഴിഞ്ഞമാസം തുറന്നുകൊടുത്തു.