കേരള ആര്‍.ടി.സിക്ക് നേരെ കല്ലേറ്;ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു പുറപെട്ട യുവാവ് ഗുരുതരാവസ്ഥയില്‍;സംഭവം നടന്നത് ഹോസൂരിനു സമീപം.

ബെംഗളൂരു ∙ കേരള ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ട യുവാവിനു ഹൊസൂരിനു സമീപം ഷൂലെഗിരിയിൽ ഉണ്ടായ കല്ലേറിൽ ഗുരുതര പരുക്ക്. തലയ്ക്കു പരുക്കേറ്റ എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശി സോനു ജോർജി(23)നെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.തലച്ചോറിനും താടിയെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ഷൂലെഗിരി ഹൈവേ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു.

സോനുവും സുഹൃത്ത് ബോബിയും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എട്ടിനാണ് ബെംഗളൂരുവിൽ എത്തിയത്. ഇന്റർവ്യു കഴിഞ്ഞ് ഒൻപതിനു രാത്രി ഏഴിനു കെഎസ്ആർടിസി ഡീലക്സ് ബസിൽ നാട്ടിലേക്കു പുറപ്പെട്ടു. ഡ്രൈവർ സീറ്റിനു പിന്നിൽ രണ്ടാം നിരയിൽ ജനാലയുടെ അരികിലാണ് സോനു ഇരുന്നത്. തമിഴ്നാട്ടിലെ ഹൊസൂർ കഴിഞ്ഞ് 40 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് പുറത്തു നിന്ന് ഒരു കല്ല് സോനുവിന്റെ ചെവിയിൽ വന്നുകൊണ്ടത്.

തലയിൽ നിന്നു രക്തം വാർന്നെങ്കിലും സമീപത്ത് ആശുപത്രി ഇല്ലാതിരുന്നതിനാൽ നാലു കിലോമീറ്റർ അകലെയുള്ള ക്ലിനിക്കിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരുക്കു ഗുരുതരമായതിനാൽ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ക്ലിനിക്കിൽനിന്നു നിർദേശിച്ചു. തുടർന്ന് ആംബുലൻസിൽ സോനുവിനെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കെഎസ്ആർടിസി ബസ് മറ്റുയാത്രക്കാരുമായി യാത്ര തുടരുകയും ചെയ്തു. സ്ഥിതി ഗുരുതരമാണെന്നും ബെംഗളൂരുവിലെ ഏതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്നും ഹൊസൂരിലെ ആശുപത്രി ജീവനക്കാർ നിർദേശിച്ചു. ബെംഗളൂരുവിൽ വേണ്ടത്ര പരിചയമില്ലെന്ന് അറിയിച്ചതോടെ ഇവർ ഏർപ്പെടുത്തിയ ആംബുലൻസിൽ സോനുവിനെ ഇന്നലെ രാവിലെ ഒൻപതോടെ എറണാകുളത്ത് എത്തിച്ചത്. സോനുവിന്റെ ബന്ധുക്കൾ കെഎസ്ആർടിസി അധികൃതർക്കു പരാതി നൽകി. അതേസമയം എതിരെ വന്ന വാഹനത്തിന്റെ ടയർ അടിച്ച് കല്ല് തെറിച്ചതാകാനും സാധ്യതയുണ്ടെന്നും ബസിന്റെ ഡ്രൈവർ കെഎസ്ആർടിസി അധികൃതരോടു വിശദീകരിച്ചു.

ബെംഗളൂരുവിൽ നിന്നു സ്വന്തം വാഹനത്തിലും ബസിലുമായി നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്ന കർണാടക മലയാളികൾക്കു നേരെ സമീപകാലത്ത് ആക്രമണങ്ങൾ പതിവായിട്ടുണ്ട്. ബിഡദിയിൽ മാസങ്ങൾക്കു മുൻപു രണ്ട് കെഎസ്ആർടിസി ബസുകൾക്കു നേരെ ഒരേസമയം കല്ലേറ് ഉണ്ടായിരുന്നതായി ബെംഗളൂരുവിലെ കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ ഭാഗത്തു നിന്നു നടപടി സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്.

പലപ്പോഴും അന്വേഷണം എങ്ങുമെത്താറില്ല. ഒരു മാസം മുൻപു ചന്നപട്ടണയിൽ ബൈക്കിലെത്തിയവർ കെഎസ്ആർടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ കേരള സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പലതിലും കുറ്റവാളികളെ പിടിക്കാറില്ല. ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ യാത്രികർക്കു നേരെയും കല്ലേറ് ആക്രമണങ്ങൾ പതിവാണ്. നാട്ടിലേക്കു പോകുന്ന ട്രെയിനുകളുടെ വാതിൽക്കൽ നിന്നും ജനാലയ്ക്കരികെ ഇരുന്നും സഞ്ചരിക്കുന്നവർക്കു കെആർ പുരം, ബാനസവാടി ഭാഗങ്ങളിൽ ഒട്ടേറെ തവണ കല്ലേറിൽ പരുക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us