ബെംഗളൂരു∙ വാഹന വിലയുടെയും മോഡലിന്റെയും അടിസ്ഥാനത്തിൽ വെബ് ടാക്സി ചാർജ് നിശ്ചയിക്കാൻ സർക്കാരിനോട് അനുമതി തേടി ഗതാഗത വകുപ്പ്.മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു 2016 ഡിസംബർ മുതൽ വെബ് ടാക്സി കമ്പനികളുമായി ഡ്രൈവർമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് നിരക്ക് പുതുക്കാൻ സർക്കാരിനോട് അനുമതി തേടിയത്. എസി കാബുകൾക്ക് കിലോമീറ്ററിന് 19.50 രൂപയായി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചപ്പോൾ ഇതു 28 രൂപയാക്കണമെന്ന് വെബ് ടാക്സി കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. നോൺ എസിക്ക് 14.50 രൂപയും അന്ന് നിശ്ചയിച്ചു. തുടർന്ന് കാബ് ഡ്രൈവർമാരും, കമ്പനികളും യൂണിയനുകളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട പ്രത്യേക സമിതി പുതിയ നിരക്ക് നിർണയം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന മോഡലുകളുടെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കുന്നത് പരിഗണിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ഉറച്ചുനിൽക്കാൻ വെബ് ടാക്സി കമ്പനികൾ തയാറാകണമെന്ന് ഓല, ടാക്സി ഫോർ ഷുവർ ആൻഡ് ഊബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ പരാതികളിലും റേറ്റിങ് കണക്കിലെടുത്തും ഡ്രൈവർമാർക്ക് പിഴ ഈടാക്കുന്ന കമ്പനികളുടെ സംവിധാനത്തിന് എതിരെയും വ്യാപക പ്രതിഷേധമുണ്ട്.
നിരക്കു നിർണയം കാബുകളിലെ അധിക സൗകര്യം അനുസരിച്ച്
ഒരേ സ്‍ലാബിലെ എല്ലാ കാബുകളിലും ഒരേതരം സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് വാഹനത്തിന്റെ വിലയും മോഡലും അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കാനുള്ള അനുമതി തേടിയതെന്ന് ഗതാഗത കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. എസി വാഹനമാണെങ്കിൽ പോലും എസ്‍യുവിയുടെ നിരക്കായിരിക്കില്ല, മറ്റു കുറഞ്ഞവിലയ്ക്കുള്ള വാഹനങ്ങളിലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇത് അംഗീകരിക്കുന്നതോടെ നിരക്കുകൾ പുറത്തുവിടുമെന്നും ദയാനന്ദ പറഞ്ഞു. സർജ് പ്രൈസിങ്ങിന്റെ ഭാഗമായി ആവശ്യക്കാർ ഏറെയുള്ള സാഹചര്യങ്ങളിൽ വെബ് ടാക്സി കമ്പനികൾ ഇരട്ടിയോ അതിലധികമോ നിരക്കാണ് ഈടാക്കുന്നതെന്ന് കമ്മിഷണർ വ്യക്തമാക്കി.
വിപണിയിലെ മൽസരത്തിന്റെ ഭാഗമായി വെബ് ടാക്സി കമ്പനികൾ വളരെ കുറഞ്ഞ നിരക്കിൽ കാബുകൾ ഓടിക്കുന്നത്, ഡ്രൈവർമാർക്ക് ഇന്ധനവില പോലും ലഭിക്കാത്ത സാഹചര്യവുമുണ്ടാക്കുന്നുണ്ട്.നിരക്ക് തീർത്തും കുറയ്ക്കുന്നത് ഡ്രൈവർമാർക്ക് ഗുണകരമാകില്ലെന്ന് ബോധ്യമായതോടെയാണ് മിനിമം നിരക്ക് നിശ്ചയിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.