മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള ഗജപായനയ്ക്ക് ആചാരപരമായ വരവേൽപ്. ദസറയിൽ പങ്കെടുക്കുന്ന ആനകളെ പരിപാലന കേന്ദ്രങ്ങളിൽ നിന്നു മൈസൂരുവിലേക്ക് ആനയിക്കുന്ന പരമ്പരാഗത ചടങ്ങ് കാണാൻ നൂറുകണക്കിനു പേരാണ് എത്തിയത്. ഹുൻസൂരിലെ വീരഹോസഹള്ളി നാഗപുരയിൽ നടന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
സുവർണ ഹൗഡ പല്ലക്കിലേറ്റുന്ന അർജുനയ്ക്കുപുറമെ അഭിമന്യു, ഗജേന്ദ്ര, ബലരാമ, വിജയ, കാവേരി, വരലക്ഷ്മി, ഭീമ എന്നിങ്ങനെ എട്ട് ആനകളെയാണു മൈസൂരുവിലെത്തിച്ചത്. കൊട്ടാരം പൂജാരി എസ്.വി.പ്രഹ്ലാദ് റാവുവിന്റെ കാർമികത്വത്തിൽ വനദേവി പൂജകൾക്ക് ശേഷം ആനകളെ സ്വീകരിച്ചു. ബാക്കിയുള്ള ഏഴ് ആനകൾ അടുത്തയാഴ്ച എത്തും. കൊട്ടാരത്തിനു സമീപത്തെ വനംവകുപ്പിന്റെ അലോക ഗ്രൗണ്ടിലാണ് ആനകളുടെ താൽക്കാലിക താമസകേന്ദ്രം.
പാപ്പാൻമാർക്കും കുടുംബാംഗങ്ങൾക്കും ദസറ കഴിയുന്നതു വരെ താമസിക്കാനും കൊട്ടാരത്തിനു സമീപം താൽക്കാലിക സംവിധാനമൊരുക്കി. ഗജപായനയുടെ തൽസമയ വെബ് സ്ട്രീമിങ്ങും കന്നഡനാടിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സെപ്റ്റംബർ 21 മുതൽ 30 വരെയാണ് ദസറ ആഘോഷം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.