ഈ ഓണത്തിനു ചിലപ്പോള്‍ സവാള നമ്മളെ കരയിപ്പിക്കും;വില 50 രൂപയോടടുക്കുന്നു

ബെംഗളൂരു ∙ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാളവില 50 രൂപയോടടുക്കുന്നു. വലുപ്പവും ഗുണമേന്മയും അനുസരിരിച്ചു 38-48 രൂപയാണു ബെംഗളൂരുവിൽ സവാളയുടെ ഇപ്പോഴത്തെ ചില്ലറവില. രണ്ടാഴ്ചയ്ക്കിടെ കൂടിയതു 30 രൂപയോളംസർക്കാരിന്റെ ഹോപ്കോംസ് കടകളിൽ ഇന്നലെ 43 രൂപയ്ക്കാണു വിറ്റത്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും പുണെയിൽ വില കുത്തനെ ഉയർന്നതും ബെംഗളൂരുവിലേക്കുള്ള സവാളവരവിനെ സാരമായി ബാധിച്ചു.

വെള്ളപ്പൊക്കം മൂലം വിള നശിച്ചതിനാൽ ഗുജറാത്തിലേക്കു മഹാരാഷ്ട്രയിൽനിന്നു സവാള കയറ്റുമതി കൂടിയതാണു പുണെയിൽ വില ഉയരാൻ കാരണം. ഇതിനെല്ലാം പുറമേ ഗണേശോത്സവം, മഹാനവമി തുടങ്ങിയ ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ വില താഴാൻ സാധ്യത കുറവാണെന്നു വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തക്കാളി, സവാള എന്നിവയ്ക്കെല്ലാം ചെലവു കൂടുന്ന സമയമാണിത്.

കർണാടകയിൽ ബാഗൽക്കോട്ട്, വിജയാപുര, ദാവനഗെരെ, ചിത്രദുർഗ തുടങ്ങിയ ജില്ലകളിലാണു സവാള കൂടുതലായി കൃഷിചെയ്യുന്നത്. എന്നാൽ കടുത്ത വരൾച്ചയിൽ ഇവിടങ്ങളിലെ വിളവെടുപ്പു പകുതിയായി കുറഞ്ഞു. കഴിഞ്ഞമാസം പകുവരെ ബെംഗളൂരുവിൽ സവാളയ്ക്കു 14–18 രൂപയായിരുന്നു ചില്ലറവില. തക്കാളി ഉൾപ്പെടെ പലതിന്റെയും വില കുതിച്ചുയർന്നപ്പോഴും മാസങ്ങളോളം 20 രൂപയിൽ താഴെ തുടർന്ന സവാളവില കഴിഞ്ഞയാഴ്ച പെട്ടെന്നാണു 30–35 രൂപയിലെത്തിയത്.

ദിവസങ്ങൾക്കകം വില 40 കടക്കുകയും ചെയ്തു. ചുവന്നുള്ളി, തക്കാളി എന്നിവയ്ക്കു പുറമേ സവാളവിലയും കൂടിയതു നഗരവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. ചെറിയ ഉള്ളിക്കു 140 മുതൽ 170 രൂപ വരെയാണു വില. തക്കാളിക്ക് 50–60 രൂപയും. ചെറുപഴത്തിനും (യെല്ലക്കി) വില 105–115 രൂപയായി. ഓണം അടുത്തപ്പോൾ തേങ്ങ, നേന്ത്രക്കായ് ഉൾപ്പെടെയുള്ള സാധനങ്ങൾക്കും വില കുറയാത്തതു മറുനാട്ടിലെ മലയാളികളെയും വലയ്ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us