തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് നേരിട്ടത് അതിക്രൂരമായി. റോഡിൽ വലിച്ചിഴച്ചും നാഭിക്കും തൊഴിച്ചും പൊലീസ് ക്രൂരത കാട്ടി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ മഹിജയെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണകൂട ഭീകരതയാണ് നടന്നതെന്ന് സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ
വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് എആർ ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. മഹിജയെ ഡിജിപി ചർച്ചയ്ക്ക് വിളിച്ചെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് കടക്കാൻ പോലും പൊലീസ് അനുവദിച്ചില്ല. ആസ്ഥാനത്തിന് മുന്നിൽ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് തടയുകയായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സമരം പാടില്ല, വേണമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താം എന്നായിരുന്നു പൊലീസ് നിലപാട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സമരം നടത്താനായി ജിഷ്ണുവിന്റെ കുടുംബം എത്തുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ നെഹ്റു കോളേജ് ചെയർമാൻ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയക്കുകയായിരുന്നു. ഇത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചിരുന്നു. കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ ഡിജിപിയുമായി ചർച്ച നടത്തുകയുള്ളൂ എന്നും മഹിജ വ്യക്തമാക്കിയിരുന്നു. നാട്ടുകാർ ഉൾപ്പെടെ 16 അംഗം സംഘമാണ് കേസിൽ നീതിലഭിക്കണം എന്ന വിഷയമുയർത്തി സമരം നടത്താനായി എത്തിയത്. ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്.
അതിനിടെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഃഖം മനസിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു. അവരെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
16 പേരടങ്ങുന്ന സംഘമാണു സമരം നടത്താനെത്തിയത്. ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. അതേസമയം, കേസിൽ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ ഇന്നലെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ രാവിലെ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം.
കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.