ബെംഗളൂരു: വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ ലൈൻമാൻ തടാകത്തിൽ വീണുമരിച്ചു. ബെസ്കോമിന് കീഴിലെ ജീവനക്കാരനായ മഹേഷ് ഗൗഡർ ആണ് തുമകുരുവിൽ അപകടത്തിൽപെട്ട് മരിച്ചത്. ഗുബ്ബി ബിദരെ ജനിഗര ഹള്ളി ഫീഡറിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയതായിരുന്നു മഹേഷ്. മഴയിൽ നിറഞ്ഞുകിടന്ന തടാകം കടന്നുവേണമായിരുന്നു വൈദ്യുതി പോസ്റ്റിന് അടുത്തെത്താൻ. തടാകത്തിലിറങ്ങി നീന്താൻ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുങ്ങിപ്പോവുകയായിരുന്നെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി ബെസ്കോം എം.ഡി മഹന്തേഷ് ബിലാഗി അറിയിച്ചു. ഒപ്പം 10 ലക്ഷം രൂപ കുടുംബത്തിന് സഹായമായി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More