ബെംഗളൂരു : ഇരുചക്രവാഹനങ്ങളിൽ നമ്പർ പ്ലേറ്റിനു പകരം സ്റ്റിക്കറുകൾ ഒട്ടിച്ചവർക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് പൊലീസ്. ഗിയർലെസ് സ്കൂട്ടറുകളിലാണു മുൻവശത്ത് നമ്പർ പ്ലേറ്റിനു പകരം സ്റ്റിക്കർ പതിക്കുന്നതു വ്യാപകം. പിടിക്കപ്പെട്ടാൽ ആദ്യതവണ 500 രൂപ പിഴയും നമ്പർ പ്ലേറ്റ് മാറ്റാനുള്ള കർശന നിർദേശവും നൽകും. തുടർച്ചയായി വീഴ്ച വരുത്തിയാൽ വാഹനം പിടിച്ചെടുക്കുമെന്നും ട്രാഫിക് അഡീഷനൽ കമ്മിഷണർ എച്ച്.ഹിതേന്ദ്ര പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ 170 വാഹന ഉടമകൾക്കാണു പിഴ ചുമത്തിയത്. കൂടാതെ സർക്കാരിന്റെ ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്തതിനും അനവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഭരണകാര്യാലയമായ വിധാൻസൗധയ്ക്കു സമീപത്തുനിന്നാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. സ്വകാര്യ വാഹനങ്ങളിൽ വരുന്ന സർക്കാർ ജീവനക്കാർ ഉൾപ്പെടെ സർക്കാർ മുദ്ര ഘടിപ്പിച്ച നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി.
പൊലീസ് പരിശോധനയിൽനിന്നു രക്ഷപ്പെടാനും ടോൾ പ്ലാസകളിൽ പണം കൊടുക്കാതിരിക്കുന്നതിനുമാണ് ഇത്തരം നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നത്. ക്രിസ്മസ്, പുതുവർഷാഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചു വാഹനമോടിക്കുന്നതു പിടികൂടാൻ രാത്രികാല പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും അശാസ്ത്രീയമായി ക്രാഷ് ഗാർഡ് ഘടിപ്പിക്കുന്നതിനെതിരെ ട്രാഫിക് പൊലീസ് നടപടിയാരംഭിച്ചു. അപകടമുണ്ടായാൽ വാഹനത്തിനു കേടുപാട് ഉണ്ടാകാത്തതരത്തിൽ സ്ഥാപിക്കുന്ന ക്രാഷ് ഗാർഡുകൾ കാൽനടയാത്രക്കാർക്കു ഭീഷണിയാകുന്ന സാഹചര്യത്തിലാണു നടപടി. അനധികൃത ക്രാഷ് ഗാർഡുകൾ ഘടിപ്പിച്ച കാറുകൾക്ക് 1000 രൂപ മുതൽ 5000 രൂപവരെയാണു പിഴയീടാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.