പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. കാമിനി റാവുവിന്റെ ഏഴ് ഐവിഎഫ് – ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ ഉൾപ്പെടെ 29 ഇടങ്ങളിൽ മൂന്നു ദിവസമായി നടന്ന റെയ്ഡ് ശനിയാഴ്ചയാണ് അവസാനിച്ചത്. നഗരത്തിലെ ചില ഡോക്ടർമാരും ഡയഗ്നോസ്റ്റിക് – ഐവിഎഫ് കേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു റെയ്ഡിലൂടെ പുറത്തു വന്നത്. ചികിൽസ തേടിയെത്തുന്നവരെ ഇത്തരം ലാബുകളിലേക്ക് അനാവശ്യമായി പരിശോധനയ്ക്കയച്ച് ഡോക്ടർമാർ വൻതുകയാണു കമ്മിഷൻ കൈപ്പറ്റിയിരുന്നത്. ലാബുകൾ ഇത്തരത്തിൽ കോടിക്കണക്കിനു രൂപയാണ് അനധികൃതമായി സമ്പാദിച്ചിരുന്നത്. ഇങ്ങനെ സമ്പാദിക്കുന്ന പണം മാർക്കറ്റിങ് ചെലവിൽ ഉൾപ്പെടുത്തിയാണ് ആദായനികുതി വെട്ടിപ്പ്.
രോഗിയെ എംആർഐ സ്കാൻ ചെയ്യാൻ നിർദേശിക്കുന്ന ഡോക്ടർക്കു പരിശോധനാ ചെലവിന്റെ 35% വരെയും മറ്റു പരിശോധനകൾക്ക് 20% വരെയുമാണു കമ്മിഷൻ. ഇതു ഡോക്ടർമാർക്കു കൈമാറാൻ ചില ലാബുകൾ ഇടനിലക്കാരെയും നിയോഗിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോഴാണ് ഇവർ കമ്മിഷൻ കൈമാറിയിരുന്നത്. ചില ഡോക്ടർമാർക്കു ചെക്ക് മുഖേനയും കമ്മിഷൻ കൈമാറിയതായി കണ്ടെത്തി. ലാബുകളിൽ ഇത്തരത്തിൽ മറ്റ് അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.