ഹാച്ച്ബാക്ക് കാറുകൾക്ക് കിലോമീറ്ററിന് 12.50 രൂപ വീതവും സെഡാന് 14.50 രൂപയും എസ്‍യുവികൾക്ക് 18.50 രൂപയും യാത്രക്കൂലി ഈടാക്കും. ഷെയർ റൈഡോ, നിരത്തിലുള്ള വാഹനങ്ങൾക്കും തിരക്കിനും ആനുപാതികമായി ചാർജ് നിശ്ചയിക്കുന്ന സർജ് പ്രൈസിങ്ങോ ഉണ്ടായിരിക്കില്ലെന്നു തൻവീർ പാഷ പറഞ്ഞു. നഗരം വിട്ടുപോകാനുള്ള ഒൗട്ട്സ്റ്റേഷൻ, വാടകയ്ക്കെടുക്കാനുള്ള റെന്റൽ സർവീസുകളും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്താദ്യമായി ഒരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയോടെയുള്ള ആദ്യ ടാക്സി കമ്പനി കൂടിയാണിത്. വെബ് ടാക്സി രംഗത്തെ പ്രമുഖരായ ഓലയ്ക്കും ഊബറിനും വിപണിയിൽ വലിയ മൽസരം ഉയർത്തിയാണ് നമ്മ ടൈഗർ ആരംഭിക്കുന്നത്. ഇവയുമായി ഇടഞ്ഞു സമരം ചെയ്ത ഡ്രൈവർമാരെ ഏകോപിപ്പിച്ചാണ് കുമാരസ്വാമി നമ്മ ടൈഗറിനു തുടക്കമിട്ടിരിക്കുന്നത്. മണ്ഡ്യ, ഹാസൻ, മൈസൂരു, തുമകൂരു, കോലാർ, ബെംഗളൂരു റൂറൽ, ചാമരാജനഗര തുടങ്ങി പഴയ മൈസൂർ മേഖലയിലെ ഡ്രൈവർമാരാണ് നമ്മ ടൈഗറിന്റെ ചുക്കാൻ പിടിക്കുന്നത്. ദളിന് ഏറെ രാഷ്ട്രീയ പിൻബലമുള്ള മേഖല കൂടിയാണിത്.
2018ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കൂടി ഭാഗമായാണ് നമ്മ ടൈഗറിന്റെ തുടക്കമെന്ന ആക്ഷേപവും ശക്തമായുണ്ട്. അതേസമയം വോട്ടുകൾ ലക്ഷ്യമിട്ടുള്ള സംരംഭമല്ല ഇതെന്ന് കുമാരസ്വാമി പ്രതികരിച്ചിട്ടുണ്ട്. വലിയ ടാക്സി കമ്പനികൾ ചൂഷണം ചെയ്തിരുന്ന ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള ഡ്രൈവർമാർക്ക് തണലാകുകയാണ് ഉദ്ദേശ്യം. ദളിന്റെ മനുഷ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ മേഖലയിൽ നിന്നുള്ള യുവാക്കളെ വെബ് ടാക്സി രംഗത്തേക്കു ക്ഷണിക്കുന്നതിന്റെ ഭാഗമായി യുഎസ് കമ്പനിയായ ഊബറും ബെംഗളൂരു ആസ്ഥാനമായുള്ള ഓലയും വലിയ ആനുകൂല്യങ്ങളായിരുന്നു ആദ്യ കാലത്ത് പ്രഖ്യാപിച്ചിരുന്നത്. ഈ സർവീസുകളുടെ ഭാഗമായപ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം ഉണ്ടാക്കാനാകുമെന്നായിരുന്നു കമ്പനികളുടെ വാഗ്ദാനം.എന്നാൽ പിന്നീട് ആനൂകൂല്യങ്ങൾ കുറഞ്ഞു വന്നതോടെ, വിദൂര ഗ്രാമങ്ങളിൽ നിന്നു പോലും നഗരത്തിൽ ടാക്സി ഓടിക്കാൻ എത്തിയ പല ഡ്രൈവർമാരും കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിഷേധിച്ച് കമ്പനികൾ വിടുകയായിരുന്നു.
പ്രതിമാസം 2000 രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഇതിൽ പലരും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ ഇക്കൂട്ടർ നമ്മ ടൈഗറിനു രൂപം നൽകി ഇന്നു നിരത്തിലിറങ്ങുന്നത്. കൊൽക്കത്ത ആസ്ഥാനമായുള്ള ആപ് വികസന കമ്പനിയായ ടൈഗറുമായി കൂടിച്ചേർന്നുള്ള സംരംഭമാണിത്.