റോഡില്‍ “മത്സ്യകന്യക”,പ്രതിഷേധത്തിന്റെ പലവഴികള്‍ തേടി നഗരവാസികള്‍.

ബെംഗളൂരു ∙ മനേക്‌ഷാ പരേഡ് ഗ്രൗണ്ടിനു സമീപം കാമരാജ് റോഡിലെ കുഴിയിൽ മൽസ്യ കന്യകയെ കണ്ട് വഴിയാത്രക്കാർ ആദ്യം അമ്പരന്നു. ആർട്ടിസ്റ്റ് നഞ്ചുണ്ടസ്വാമിയെ കണ്ടതോടെ കാര്യം വ്യക്തമായി. നഗരത്തിലെ അപകടക്കുഴികൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വർഷംതോറും ഈ കലാകാരൻ പ്രതിഷേധവുമായി രംഗത്തു വരാറുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പേരുടെ ജീവനാണ് കുഴികൾ നിറഞ്ഞ ബെംഗളൂരുവിലെ റോഡുകളിൽ പൊലിഞ്ഞത്.

കുഴികളിൽ ചെടികൾ നട്ടും നിരത്തുകൾക്കു മരണാനന്തര ക്രിയ നടത്തിയുമെല്ലാം നഗരവാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. എന്നാൽ, നഞ്ചുണ്ടസ്വാമിയുടെ കലാപരമായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൻതരംഗമായി. വാഹന ഗതാഗതം തടസ്സപ്പെടാതിരിക്കാൻ രാവിലെ തന്നെ നഞ്ചുണ്ടസ്വാമി ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയിരുന്നു. നടി സോനു ഗൗഡയാണ് മൽസ്യകന്യകയുടെ വേഷമണിഞ്ഞത്. റോഡിലെ ചെളിവെള്ളത്തിൽ മുതലയെ ഇറക്കിയും താമരപ്പൂക്കൾ ‘വിരിയിച്ചും’ വലിയ കുഴി രാക്ഷസന്റെ വായ് ആക്കിയുമെല്ലാമാണു മുൻകാലങ്ങളിൽ നഞ്ചുണ്ടസ്വാമി പ്രതിഷേധിച്ചത്.

തകർന്ന റോഡിൽ ‘തവളയും രാജകുമാരിയും’ കഥയെ ആസ്പദമാക്കി കഴിഞ്ഞ വർഷം നടത്തിയ പ്രതിഷേധത്തിൽ സോനു ഗൗഡ രാജകുമാരിയുടെ വേഷമണിഞ്ഞു. ബിബിഎംപി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പതിനാറായിരത്തോളം കുഴികളിൽ പകുതിപോലും ഇതുവരെ നികത്താനായിട്ടില്ല. മഴ തുടരുന്നതിനാൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് കുഴികൾ നികത്തുന്നത്. 15 ദിവസത്തിനകം മുഴുവൻ കുഴികളും നികത്തുമെന്ന് ഈ മാസം ഒൻപതിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us