ബെംഗളൂരു: ഓട്ടോ ഡ്രൈവർമാരെ കൈയോടെ പിടികൂടി ബെംഗളൂരു പോലീസ്; ഈടാക്കിയത് എട്ട് ലക്ഷത്തിലധികം രൂപ. ഇവരെ പിടികൂടാൻ യാത്രക്കാരായെത്തി ബെംഗളൂരു പോലീസ് വകുപ്പ് ചൊവ്വാഴ്ച ഈടാക്കിയത് 8,06,200 രൂപ.
നഗരത്തിലെ ഓട്ടോറിക്ഷാഡ്രൈവർമാരിൽ നിന്നാണ് പിഴയിനത്തിൽ ഇത്രയും തുക ട്രാഫിക് പോലീസ് ഈടാക്കിയത്. സവാരി പോകാൻ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്.
250 ഓളം പോലീസുദ്യോഗസ്ഥർ വിവിധയിടങ്ങളിൽ മഫ്തിയിലെത്തിയാണ് മിന്നൽ പരിശോധനയിൽ പങ്കെടുത്തത്. പോലീസുദ്യോഗസ്ഥർ സമീപിച്ചവരിൽ 1,575 പേർ ആവശ്യപ്പെട്ടയിടത്തേക്ക് സവാരി പോകാൻ വിസമ്മതിച്ചു. 1,346 പേർ മീറ്ററിലേക്കാൾ അധിക യാത്രക്കൂലി ആവശ്യപ്പെട്ടു.
ഇവരെ കൂടാതെ ലൈസൻസില്ലാതെ വാഹനമോടിച്ചവർ, യൂണിഫോമണിയാത്തവർ, വാഹനത്തിന്റെ അവശ്യരേഖകൾ സൂക്ഷിക്കാത്തവർ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ കുറിച്ചുള്ള പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മിഷണർ(ട്രാഫിക്)ബിആർ രവികണ്ഠഗൗഡ പറഞ്ഞു.
മൂന്ന് ട്രാഫിക് ഡിവിഷനുകളിലായി പ്രധാന ജങ്ഷനുകളിൽ വനിതാ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ വിന്യസിക്കുകയായിരുന്നു. ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികൾ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മതിയായ രേഖകൾ ഇല്ലാതിരുന്ന 492 ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുകയും ചെയ്തു.
ചില ഡ്രൈവർമാർ വ്യാജരേഖകൾ ഹാജരാക്കിയതായും പോലീസ് അറിയിച്ചു. ഇത്രയും പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും സത്യസന്ധരായ ഡ്രൈവർമാരും കൂട്ടത്തിലുണ്ടെന്ന് ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.