കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുമെന്ന് നടി ഡിനി ഡാനിയേല്‍.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്‍റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുമെന്നു വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. കൂടത്തായ് എന്ന ടൈറ്റില്‍ പുറത്തിറക്കിയതായും ഔദ്യോഗിക ജോലികള്‍ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി.
തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരംത്തിന്‍റെ പ്രതികരണം.
‘കൂടത്തായ്’ ഒരു മത്സര ചിത്രമല്ലെന്നും മുന്‍വിധികളില്ലാതെ നല്ലൊരു സിനിമയായി അതിനെ സമീപിക്കണമെന്നുമാണ് ഡിനി പറയുന്നത്. 1966ലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കി രണ്ട് നിര്‍മ്മാണ ബാനറുകളില്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയെന്നും രണ്ട് ചിത്രവും വിജയമായിരുന്നുവെന്നും താര൦ പറയുന്നു.
റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോളിയായി ഡിനി തന്നെയാണ് വേഷമിടുന്നത്. വിജീഷ് തുണ്ടത്തില്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അലക്‌സ് ജേക്കബാണ്.
അതേസമയം, ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം. എന്നാല്‍, ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക പരമ്പര അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.