ഡല്‍ഹി :അഞ്ചാം ഘട്ട തെരഞ്ഞെടുപ്പും കഴിഞ്ഞു. സീറ്റിന്‍റെ എണ്ണക്കണക്ക് സംബന്ധിച്ച് കൂട്ടലിലും കിഴിക്കലിലുമാണ് എൻഡിഎയും മറുവശത്ത് പ്രതിപക്ഷവും. ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന ആദ്യഘട്ടങ്ങളിൽ നിന്ന് പുറത്തുവരുമ്പോൾ, നിർണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തൂക്ക് സഭ വന്നാൽ ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ സമീപിച്ചേക്കും എന്നാണ് സൂചന.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ശ്രമിക്കരുതെന്നും കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്നും 21 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി രാഷ്ട്രപതിയെ അറിയിക്കും. ഒരു ബദൽ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ഒപ്പുവച്ച കത്തും ഇതോടൊപ്പം കൈമാറാനാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അങ്ങനെയെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് വാശി പിടിക്കില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. രാഹുൽ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് പറയാതെ പറയുന്ന നിലപാടിൽ നിന്ന് പതുക്കെ കോൺഗ്രസ് പിൻമാറുകയാണ്. നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതിനാകും ഫലം വന്ന ശേഷം കോൺഗ്രസിന്‍റെ ആദ്യ പരിഗണനയെന്നും, ആ സംയുക്ത നീക്കത്തിന്‍റെ നേതൃത്വം ആർക്കാകും എന്ന് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നുമാണ് എഐസിസി പ്രവർത്തകസമിതി അംഗം എ കെ ആന്‍റണി ഒരു മലയാള മാധ്യമത്തിനോട് പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.