ചരിത്രത്തിലാദ്യമായി അയ്യപ്പ സന്നിധിയിൽ പോലീസ് നടപടി;നാടകീയ സംഭവങ്ങൾക്ക് ശേഷം നിരവധി ഭക്തർ അറസ്റ്റിൽ; സംസ്ഥാനമൊട്ടാകെ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ.

സന്നിധാനം: ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തുണ്ടായത് നാടകീയ സംഭവങ്ങളാണ്. പത്തരയോടെ പലയിടത്തു നിന്നായി സംഘടിച്ച ഇരുന്നൂറോളം പേർ വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപപ്രതിഷേധം തുടങ്ങി. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് നിന്നാണ് പ്രതിഷേധത്തിന്‍റെ തുടക്കം. സന്നിധാനത്തെ പൊലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനവും പരിസരവും കഴിഞ്ഞ രണ്ട് ദിവസം പൊലീസിന്‍റെ പൂർണ നിയന്ത്രണത്തിലായിരുന്നു.

മാളികപ്പുറം ക്ഷേത്രത്തിനടുത്ത് രാത്രി നിയന്ത്രണങ്ങൾ പാലിച്ച് നിൽക്കുന്നവർക്ക് വിരി വയ്ക്കാൻ അനുമതിയുണ്ടായിരുന്നു. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്കും പടിപൂജയ്ക്ക് ബുക്ക് ചെയ്തവർക്കും വൃദ്ധർക്കും ശാരീരിക അവശതകളുള്ളവർക്കും ഇളവുകൾ നൽകുമെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറം ക്ഷേത്രത്തിനടുത്ത് തുടർന്ന ചിലരോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്.

 

സന്നിധാനത്തെ പ്രതിഷേധം

വലിയ നടപ്പന്തലിലെ നാമജപ്രതിഷേധം പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം അമ്പരന്ന പൊലീസ് പിന്നീട് പല തവണ പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിച്ചു. സന്നിധാനത്തിന്‍റെ ക്രമസമാധാനച്ചുമതലയുള്ള എസ്പി പ്രതീഷ് കുമാർ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

കൃത്യമായ നേതൃത്വമില്ലാത്ത ആൾക്കൂട്ടമായതിനാൽ ആരോട് സംസാരിയ്ക്കണമെന്ന് ആദ്യം പൊലീസിന് വ്യക്തമായില്ല. തുടർന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് ആർഎസ്എസ് നേതാവാണെന്ന് വ്യക്തമായി. മൂവാറ്റുപുഴ മുൻ ജില്ലാ കാര്യവാഹകായ ആർ.രാജേഷിനോടും സംഘത്തോടും പൊലീസ് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.

രാത്രി പതിനൊന്ന് മണിയോടെ ഹരിവരാസനം പാടി നട അടച്ച ശേഷം പിരിഞ്ഞുപോകാമെന്ന് പ്രതിഷേധക്കാർ ആദ്യം സമ്മതിച്ചു. എന്നാൽ നട അടച്ച ശേഷവും പിരിഞ്ഞുപോകാതെ നാമജപപ്രതിഷേധം തുടർന്നു. നിരോധനാജ്ഞ ലംഘിക്കാനാകില്ലെന്ന് പൊലീസ് ആവർത്തിച്ചു. പ്രതിഷേധം തുടർന്നാൽ അറസ്റ്റ് വേണ്ടി വരുമെന്നും എസ്പി അറിയിച്ചു.

നേതൃനിരയിലുള്ളവരെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കൂട്ടത്തോടെ വേണമെന്ന് നാമജപപ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് നേതൃനിരയിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. അറസ്റ്റ് തുടങ്ങിയതോടെ പ്രതിഷേധക്കാർ പല ഭാഗത്തേയ്ക്ക് ചിതറി. വഴങ്ങാത്തവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇവരുമായി മലയിറങ്ങിയ പൊലീസ് മരക്കൂട്ടത്തിനടുത്ത് പ്രതിഷേധിച്ച ചിലരെയും കസ്റ്റഡിയിലെടുത്തു.

 

എൺപത് പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ബസ്സുകളിലായി കനത്ത സുരക്ഷയോടെ ഇവരെ മണിയാർ എ ആർ ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us