കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ വേദനയ്ക്കിടയിലും അഭയം തന്ന കേന്ദ്രങ്ങളെ മറക്കാതെ ദുരിതബാധിതര്‍!
നാല് ദിവസത്തെ വാസം അവസാനിപ്പിച്ച് ക്യാമ്പുകളില്‍ നിന്ന് മടങ്ങിപോകുമ്പോള്‍ സ്വന്തം വീടുപോലെ മനോഹരമായി വൃത്തിയാക്കിയാണ് അവര്‍ പോയത്.
പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കൂനമ്മാവിലെ കൊങ്ങോര്‍പിള്ളി ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ അഭയം തേടിയവരാണ് ഒരുപാടുപോലും അവശേഷിപ്പിക്കാതെ കെട്ടിടം വൃത്തിയാക്കി നല്‍കിയത്. സ്‌കൂളിലെ നാലാം നിലയില്‍ 1200 പേരാണ് അഭയം തേടിയത്.
‘കഴിഞ്ഞ നാലുദിവസം ഇത് എനിക്കെന്‍റെ വീടായിരുന്നു. എങ്ങനെ അത് വൃത്തികേടാക്കി മടങ്ങാനാവും? നമ്മള്‍ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കില്ലേ?’ എന്നായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌കൂളിലെ ക്യാമ്പിലുണ്ടായിരുന്ന ഒരു സ്ത്രീ മറുപടി പറഞ്ഞത്.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരിതം കേരളം നിശ്ചയദാര്‍ഢ്യത്തോടെയും ഒരുമയോടെയുമാണ് അതിജീവിച്ചത്. സര്‍വ്വതും നഷ്ടപ്പെട്ടിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ പരസ്പരം ആത്മവിശ്വാസം പകര്‍ന്ന് അവര്‍ കഴിച്ചുക്കൂട്ടി.
പാട്ടും ഡാന്‍സും ആഘോഷങ്ങളുമായി ക്യാമ്പിലുള്ളവര്‍ക്ക് സന്തോഷം പകരാന്‍ ശ്രമിക്കുന്ന ഒരുപറ്റം ആളുകളെയും കഴിഞ്ഞദിവസങ്ങളില്‍ കേരളം കണ്ടിരുന്നു. പ്രളയം ബാക്കിയാക്കി വെച്ചിട്ടുപോയ ചില ദുരിതങ്ങള്‍ ഇനിയും മണ്ണില്‍ ബാക്കിയാണ്. അതും ഒറ്റക്കെട്ടായി നിന്ന് നേരിടാന്‍ തയാറാണ് ദൈവത്തിന്‍റെ സ്വന്തം മനുഷ്യര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.