മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ബെംഗളൂരു: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തണമെന്നും, യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും, ചില്ലറയില്ലെന്ന കാരണത്താൽ ആർക്കും യാത്ര നിഷേധിക്കരുതെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകി ബി.എം.ടി.സി. ഗതാഗത മന്ത്രി ബി.എസ്. സുരേഷ (ബൈരതി) ശനിയാഴ്ച രാത്രി ആരുമറിയാതെ ബി.എം.ടി.സി ബസുകളിൽ മിന്നൽ പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിർദേശം. രണ്ട് മണിക്കൂറോളം സമയം മാസ്ക് ധരിച്ച് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പത്തിലധികം ബസുകളിലാണ് മന്ത്രി യാത്ര ചെയ്തത്.

ശനിയാഴ്ച രാത്രി 7.10 മുതൽ 9.10 വരെയായിരുന്നു മന്ത്രിയുടെ രഹസ്യ യാത്ര. ജയമഹലിൽ നിന്ന് ആരംഭിച്ച് ടിവി ടവർ, ആർ.ടി നഗർ, സി.ബി.ഐ റോഡ്, ബല്ലാരി റോഡ്, ഹെബ്ബാൾ, ഭൂപസന്ദ്ര, എംബസി മാന്യത ബിസിനസ് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബന്ദെ, ബൈരതി ബന്ദെ വഴി ഗെദ്ദലഹള്ളിയിലാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്. സാധാരണക്കാരെപ്പോലെ ടിക്കറ്റെടുത്തായിരുന്നു മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടയിൽ സഹയാത്രികരുമായി സംസാരിച്ച് അവരുടെ യാത്രാനുഭവങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം ചോദിച്ചറിഞ്ഞു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

യാത്രയ്ക്കിടയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ മന്ത്രി നേരിട്ട് കണ്ടുപിടിച്ചു. ജയമഹലിൽ നിന്നുള്ള ബസ്, ഒരു യാത്രക്കാരൻ കൈ കാണിച്ചിട്ടും ‘ഫൺ വേൾഡ്’ സ്റ്റോപ്പിൽ നിർത്തിയില്ല. മറ്റൊരു സംഭവത്തിൽ, ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിൽ കയറിയ മന്ത്രി, 100 രൂപ നോട്ട് നൽകി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ചില്ലറ ചോദിച്ചു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, സ്വന്തം കാഷ് ബാഗ് കാണിച്ച് തന്റെ പക്കലും ചില്ലറയില്ലെന്ന് അവകാശപ്പെട്ട കണ്ടക്ടർ മന്ത്രിയോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഔദ്യോഗിക പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെ മന്ത്രി ബസിൽ നിന്നിറങ്ങിപ്പോരുകയും ചെയ്തു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

മന്ത്രിയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, യാത്രക്കാർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ ബി.എം.ടി.സി മാനേജിംഗ് ഡയറക്ടർ രഘുനന്ദൻ മൂർത്തി ഞായറാഴ്ച പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ചില്ലറയെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിലെ (ETM) ഡൈനാമിക് ക്യു.ആർ കോഡ് അധിഷ്ഠിത യു.പി.ഐ (UPI) പണമിടപാട് രീതി ഉപയോഗിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കണമെന്ന് കണ്ടക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില്ലറയില്ലെന്ന കാരണത്താൽ ഒരു യാത്രക്കാരനെയും ബസിൽ നിന്ന് ഇറക്കിവിടാൻ പാടില്ല.

തുടർച്ചയായി പരാതികൾ ഉയരുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സോഫ്റ്റ് സ്കിൽ പരിശീലനം നൽകും. റോഡ് സുരക്ഷ, യാത്രക്കാരോടുള്ള മര്യാദയുള്ള പെരുമാറ്റം, നിശ്ചിത സ്റ്റോപ്പുകളിൽ ബസ് നിർത്തൽ എന്നിവയെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കാൻ ഡിപ്പോ മാനേജർമാരും ട്രാഫിക് ഉദ്യോഗസ്ഥരും ദിവസേന ഡിപ്പോകൾ സന്ദർശിക്കണം. അതോടൊപ്പം തന്നെ, യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടുന്ന ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പ്രശംസാപത്രം നൽകി ആദരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts