ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ലഹരിമരുന്നു മാഫിയയ്ക്കു നിഷ്കരുണം തടയിടുന്നതിന്റെ ഭാഗമായി ഗുണ്ടാനിയമം പോലും ചുമത്താൻ മടിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര. പഞ്ചാബ് മാതൃകയിൽ മറ്റൊരു ‘ഉഡ്താ ബെംഗളൂരു’ ആകാൻ നഗരത്തെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം സഭാ സമ്മേളനത്തിൽ നടത്തിയ പരാമർശം ഇന്നലെയും അദ്ദേഹം ആവർത്തിച്ചു. പൊലീസ് സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് ഇതിനു തടയിടും. പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പയും മുതിർന്ന ബിജെപി നേതാവ് ആർ.അശോകയുമാണു ഗുണ്ടാ നിയമം ചുമത്തണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്.
പഞ്ചാബിൽ സംഭവിച്ചതുപോലെ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ മുൻകരുതൽ ആവശ്യമാണെന്ന് ചർച്ചയ്ക്കൊടുവിൽ ആഭ്യന്തരമന്ത്രികൂടിയായ പരമേശ്വര പറഞ്ഞു. ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ബെംഗളൂരുവിലേക്കു ലഹരിമരുന്ന് ഒഴുകുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്നുള്ള വിദ്യാർഥികൾ നഗരത്തിൽ ഒട്ടേറെയെത്തുന്നതും ലഹരിമരുന്ന് ഉപയോഗം വർധിച്ചതിനു കാരണമായി.
പഠന വീസാ കാലാവധി കഴിഞ്ഞും നഗരത്തിൽ തങ്ങുന്ന ഇത്തരം വിദ്യാർഥികൾ ലഹരിമരുന്നു വ്യാപാരം നടത്തിയാണ് ആർഭാടജീവിതം നയിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഇത്തരം മാഫിയ പ്രവർത്തനങ്ങൾക്കെതിരെ നിഷ്കരുണം നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസ്, ആരോഗ്യം, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗവും ഇതുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്തു.
ബെംഗളൂരുവിൽനിന്നു ഹുബ്ബള്ളി, ബെളഗാവി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും ലഹരിമരുന്ന് ഒഴുകുന്നതായി ആർ.അശോക പറഞ്ഞു. നാലു മുതൽ അഞ്ചു ലക്ഷം യുവാക്കൾ ലഹരിമരുന്നിന് അടിമകളാണ്. ഇതിലേറെയും വിദ്യാർഥികളാണ്. ഇതൊരു വലിയ റാക്കറ്റായി അനുദിനം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽത്തന്നെ ഇതു തടയുന്നതിനു നിയമനിർമാണം വേണ്ടതുണ്ടെന്നും ഇതിനു കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നും പരമേശ്വര പറഞ്ഞു.
മരണശിക്ഷ ഉൾപ്പെടെ നൽകാനാകുന്ന നിയമം നടപ്പാകണം. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശ ഗ്രാമങ്ങളിൽപോലും കഞ്ചാവുകൃഷി നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരങ്ങളുണ്ടെന്നും അവരുടെ അറിവില്ലാതെ ഇത്രയേറെ പടർന്നുപിടിക്കാനാകില്ലെന്നും ബിജെപിയുടെ എസ്.സുരേഷ് കുമാർ കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.