ബെംഗളൂരു: മൈസൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വിളമ്പുന്നത് അങ്ങേയറ്റം വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് കോഴിത്തൂവലും ചോരയും പാറ്റയെയും കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ വ്യാപകമായ പരാതി ഉയർന്നതോടെ കർണാടക സർക്കാർ മെസ് അടച്ചുപൂട്ടുകയും ബന്ധപ്പെട്ട കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
മൈസൂരുവിലെ അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണമെത്തിക്കുന്ന ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിക്കെതിരെയാണ് വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒരു മലയാളി തന്നെയാണ് ഈ ഏജൻസിയുടെ ഉടമ എന്നതും ശ്രദ്ധേയമാണ്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ലഭിക്കുന്നത് പതിവാണെന്നും ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷ്ണങ്ങളും ചോറിൽ പാറ്റയെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ശുചിമുറികളോട് ചേർന്നാണ് ഭക്ഷണം സൂക്ഷിക്കുന്നതെന്നും ദൃശ്യങ്ങൾ സഹിതം വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
മെസ് ഫീസായി ഓരോ വിദ്യാർത്ഥിയിൽ നിന്നും പ്രതിവർഷം 80,000 രൂപ വീതം ഈടാക്കുമ്പോഴാണ് ഈ ക്രൂരത. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ പോലും വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും കോഴ്സ് സർട്ടിഫിക്കറ്റ് നൽകില്ലെന്നുമുള്ള മാനേജ്മെന്റിന്റെ ഭീഷണി കാരണമാണ് ഇത്രയും കാലം പുറത്തുപറയാതിരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും വിദ്യാർത്ഥികളെ ഇവർ ഭയപ്പെടുത്തിയിരുന്നു.
വൃത്തിഹീനമായ മെസ്സിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും അധികൃതർക്ക് പരാതി ലഭിക്കുകയും ചെയ്തതോടെയാണ് കർശന നടപടിയുണ്ടായത്. എന്നാൽ ഇത്രയും ഗുരുതരമായ സാഹചര്യം നിലനിന്നിട്ടും കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വിദ്യാർത്ഥികൾക്ക് അനുകൂലമായ യാതൊരു നിലപാടും ഇതുവരെ ഉണ്ടായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
