തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു രൂപയാണ് വർദ്ധിക്കുന്നത്. പാൽവില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ, ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം പുതിയ വില ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ നിലവിൽ 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയായി ഉയരും.
ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ പ്രാഥമിക ആവശ്യം. എന്നാൽ, പൊതുജനങ്ങളുടെ ഭാരം കണക്കിലെടുത്ത് വർദ്ധനവ് നാലു രൂപയായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് വില വർദ്ധനവ് നടപ്പിലാക്കുന്നത്.
ക്ഷീരകർഷകരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പാലിന്റെ ഉൽപ്പാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ വില കൂട്ടണമെന്ന് കഴിഞ്ഞ വർഷം മുതൽ മിൽമയുടെ മേഖലാ യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. 2022 ഡിസംബറിലാണ് ഇതിനു മുൻപ് സംസ്ഥാനത്ത് പാൽവില പരിഷ്കരിച്ചത്. നിലവിൽ ഗുണനിലവാരം അനുസരിച്ച് ലിറ്ററിന് 45 രൂപ മുതൽ 52 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. വില വർദ്ധിപ്പിക്കുന്നതിലൂടെ ഇതിൽ ആനുപാതികമായ വർദ്ധനവ് കർഷകർക്കും ലഭിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]