തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. വെടിവെപ്പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതേസമയം, പോലീസ് വെടിവെപ്പ് ആസൂത്രിതമായി നടത്തിയതാണെന്നാണ് സൂചന. സമരത്തില്‍ പങ്കെടുത്ത ചിലരെ തിരഞ്ഞു പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, ആകാശത്തേക്ക് വെടിവയ്ക്കാതിരുന്നതും സംശയത്തിനു വഴിവയ്ക്കുന്നു.
മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് സമരക്കാര്‍ ഉത്തരവ് ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയതും അതേതുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെയ്ക്കാന്‍ ഉത്തരവിട്ടതെന്ന് തമിഴ്നാട് ഡിജിപി ടി.കെ. രാജേന്ദ്രന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.
എന്നാല്‍, സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്ലാന്റ് അടച്ച് പൂട്ടുന്നതുവരെ പ്രതിഷേധിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. കൂടാതെ, വെടിവയ്പ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുകള്‍ വ്യക്തമാക്കി.
തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. 1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്‍റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്.
കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് സര്‍ക്കാര്‍ അനുമതി കൂടി വന്നതോടെയാണ് പ്രക്ഷോഭം ശക്തമായത്. യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഒഴിവാക്കി പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ഇന്ന് തൂത്തുക്കുടിയിലെത്തും. സമരം അക്രമാസക്തമായതിന് പിന്നിൽ വിദേശശക്തികളുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് തമിഴിസൈ സൗന്ദരരാജൻ പ്രതികരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.