ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും മഴശക്തമായത് ജനജീവിതത്തെബാധിച്ചു. പുലർച്ചെ രണ്ടോടെ ആരംഭിച്ചമഴ രാവിലെ ഒൻപതിനാണ് ശമിച്ചത്. തിങ്കളാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിനൽകി.
റോഡുകളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനാൽ മുൻകരുതലെന്ന നിലയിൽ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജഗദീശ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അവധി പ്രഖ്യാപിച്ചത് അറിയാതെ പല കുട്ടികളും രാവിലെ സ്കൂളുകളിലെത്തി.
വൈകീട്ടോടെ മഴ വീണ്ടുംശക്തിപ്രാപിച്ചു. റോഡുകളിൽ വെള്ളക്കെട്ടുണ്ടായത് ഗതാഗതത്തെ ബാധിച്ചു. ഹരിഹര പാർക്കിന്റെ സംരക്ഷണഭിത്തി തകർന്നു.
പലസ്ഥലങ്ങളിലും വീടുകളിൽ വെള്ളംകയറി. ജയനഗർ, പട്ടാഭിരാമനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ റോഡിൽവീണു. കോർപ്പറേഷൻ ജീവനക്കാരെത്തി മുറിച്ചുനീക്കി.
ലാൽബാഗ് തടാകം കരകവിഞ്ഞു. സിൽക്ക് ബോർഡ് ജങ്ഷൻ, ഈജിപുര, കോറമംഗല, ജെ.ജെ. നഗർ, ശാന്തിനഗർ എന്നിവിടങ്ങളിലെല്ലാം ശക്തമായമഴയാണ് പെയ്തത്.