ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ മൂന്നു വിദേശികളുൾപ്പെടെ 67 പേരെ അറസ്റ്റുചെയ്തതായി സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
നർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബസ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം 40 കേസുകളാണ് കഴിഞ്ഞ മാസം ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്.
170 കിലോഗ്രാം കഞ്ചാവ്, രണ്ടു കിലോഗ്രാം ഒപ്പിയം, 13 ഗ്രാം കൊക്കെയ്ൻ, 372 ഗ്രാം എം.ഡി.എം.എ., 998 എക്സ്റ്റസി ഗുളികകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ലഹരിമരുന്ന് വേട്ട പോലീസ് ഊർജിതമാക്കിയിട്ടുണ്ടെന്നും നഗരത്തിന്റെ എല്ലാ ഭാഗത്തും റെയ്ഡ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിൽ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനായി ബെംഗളൂരു പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും മയക്കുമരുന്ന് കടത്തൽ, കൈവശം വെക്കൽ എന്നിവക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. നഗരത്തിൽ മയക്കുമരുന്ന് കച്ചവടത്തിലേർപ്പെടുന്ന വിദേശികളിൽ പലരെയും നാടുകടത്തുന്നുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
ഈ വർഷം ഇതുവരെ ലഹരിമരുന്നു കച്ചവടത്തിൽ ഏർപ്പെട്ട 80 വിദേശികളെ ബെംഗളൂരുവിൽനിന്ന് നാടു കടത്തി. ഏതു സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്താലും ലഹരിമരുന്നിന്റെ ഉറവിടം തേടി പോകുമെന്നും വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.