കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും.
അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്.
പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു.
കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറിയിരുന്നു.
സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്.
പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.