കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികളുടെ നേര്‍ക്കു നേര്‍ പോരാട്ടം. ബംഗളൂരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലാണ് മലയാളികള്‍ മാറ്റുരയ്ക്കുന്നത്.
കാസര്‍കോട്ട് നിന്നുള്ള മലയാളി വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പ് ഒഫ് കമ്പനീസിന്‍റെ ചെയര്‍മാന്‍ എന്‍.എ. ഹാരിസാണ് കോണ്‍ഗ്രസ്സിനായി ഇവിടെ മത്സരിക്കുന്നത്. എതിരായി ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത് മലയാളിയും ഐ.എ.എസ് ഓഫീസറുമായ രേണുകാ വിശ്വനാഥനാണ്. നഗരത്തില്‍ ആംആദ്മി നേരിട്ട് രംഗത്തിറക്കിയ രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് രേണുക.
സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്നാണ് 1971 ലെ സിവില്‍ സര്‍വീസ് ബാച്ചുകാരിയും മുന്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥയുമായ രേണുക പറയുന്നത്. കഴിഞ്ഞ തവണ 19,000-ല്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ഹാരിസിനെ മലര്‍ത്തിയടിക്കാന്‍ കുറച്ച് പ്രയാസമാണെന്നുള്ളത് മറ്റൊരു സത്യമാണ്.
മൂന്ന് തവണ ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ഹാരിസിന് ഇക്കുറി സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്സ് ആദ്യമൊന്ന് മടിച്ചിരുന്നു. മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാടിനെതിരെ ഈയിടെ ഉയര്‍ന്ന അക്രമ കേസുകള്‍ തിരിച്ചടിയാകുമോ എന്ന് ഭയന്നായിരുന്നു ഇത്. ഒടുവില്‍ പാര്‍ട്ടി ഹാരിസിനെ വിശ്വസിക്കുകയായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അവസാനം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് ഹാരിസെന്നതും പ്രത്യേകതയാണ്.
കര്‍ണാടകത്തിലെ ഏറ്റവും വലിയ മലയാളി നേതാവാണ് മൂന്ന് തവണ മന്ത്രിയായിട്ടുള്ള കെ.ജെ. ജോര്‍ജ്. കോട്ടയം ചിങ്ങവനം കേളചന്ദ്ര തറവാട്ടംഗമായ ജോര്‍ജ് വളര്‍ന്നതും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്ക് കുതിച്ചതും കൂര്‍ഗില്‍ നിന്നാണ്. അഞ്ച് തവണ സര്‍വജ്ഞനഗറില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ ജോര്‍ജ് മലയാളികള്‍ക്ക് ജോര്‍ജേട്ടനും തമിഴര്‍ക്ക് ജോര്‍ജയ്യയും കന്നഡികര്‍ക്ക് ജോര്‍ജ് സാറുമാണ്. ജോര്‍ജിനെ തോല്‍പിച്ച് മണ്ഡലം പിടിച്ചെടുക്കാമെന്ന് എതിരാളികള്‍ക്ക് പോലും പ്രതീക്ഷയില്ല.
കന്നഡ തിരഞ്ഞെടുപ്പ് രംഗത്തെ പുതിയ താരോദയമാണ് വ്യവസായിയായ ഡോ. പി. അനില്‍കുമാര്‍. ചെറിയ നിലയില്‍ നിന്ന് അതിസമ്പന്നനായി വളര്‍ന്ന അനില്‍കുമാര്‍ സാധാരണക്കാരുടെയും തൊഴിലാളികളുടെയും അനില്‍ഭായിയാണ്.
ഒന്നര ലക്ഷം തൊഴിലാളികളും അരലക്ഷത്തോളം മലയാളികളുമുള്ള ബൊമ്മനഹള്ളിയില്‍ സ്വതന്ത്രനായ അനില്‍കുമാറിന്‍റെ സാന്നിദ്ധ്യം സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ സതീഷ് റെഡ്ഡിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. നാലു ലക്ഷമാണ് മൊത്തം വോട്ടര്‍മാര്‍. പകുതിയോളം വരുന്ന തെലുങ്ക് വോട്ടിലാണ് റെഡ്ഡിയുടെ പ്രതീക്ഷ. എന്നാല്‍ കഠിനാദ്ധ്വാനത്തിലൂടെ ബംഗളൂരുവില്‍ കാലുറപ്പിച്ച ഈ തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ സ്വദേശിയുടെ തകര്‍പ്പന്‍ പ്രകടനം വിജയം സമ്മാനിച്ചേക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.