ബെംഗളൂരു : മഹർഷി വാല്‌മീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയിൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.
ക്രമക്കേടിൽ ദേശസാത്കൃത ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുള്ളതിനാൽ യാഥാർഥ്യം മറച്ചുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തെ പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ ബി.ജെ.പി. ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുകയായിരുന്നു നിർമലാ സീതാരാമൻ.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് ന്യായത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, വാല്‌മീകി സമുദായത്തിനുള്ള പണം തിരിമറി നടത്തുന്നത് ന്യായമാണോയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറയണം.
തിരിമറിയിൽ മന്ത്രി ഉൾപ്പെട്ടത് എങ്ങനെയെന്നും ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് അനധികൃത പണമിടപാട് തടഞ്ഞില്ലെന്നും നിർമല ചോദിച്ചു.
ബാങ്കുദ്യോഗസ്ഥരും ഉൾപ്പെട്ടതിനാൽ കേന്ദ്രധനമന്ത്രിയും മറുപടി പറയണമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കും നിർമല മറുപടി നൽകി.
ഇങ്ങനെയൊക്കെ സംസാരിച്ചു ശീലിച്ചതുകൊണ്ടാണ് സിദ്ധരാമയ്യയ്ക്ക് ഇത്തരത്തിൽ പറയാൻ കഴിയുന്നത്.
കേന്ദ്രധനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിനുമുൻപ് മുഖ്യമന്ത്രി ബാങ്കുദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണമായിരുന്നെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.