ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ വാഗ്ദാനപദ്ധതികളുടെ ഗുണം ജനങ്ങളുടെ വീട്ടിലെത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
വാഗ്ദാനപദ്ധതികൾ നടപ്പാക്കുമ്പോൾത്തന്നെ വികസനപ്രവൃത്തികൾക്കുള്ള പണം നീക്കിവെക്കാനായെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരമേറ്റ് ഒരുവർഷം തികയുന്നതിനോടനുബന്ധിച്ച് ബെംഗളൂരു പ്രസ്‌ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് സിദ്ധരാമയ്യ അവകാശമുന്നയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വാഗ്ദാനപദ്ധതികൾ നിർത്തലാക്കുമെന്ന ബി.ജെ.പി.യുടെ പ്രചാരണത്തെ തള്ളിക്കളഞ്ഞ അദ്ദേഹം പദ്ധതികൾ തുടരുമെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കുമുമ്പിൽ വെച്ച അഞ്ച് വാഗ്ദാനപദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി, എല്ലാ വീടുകളിലും മാസം 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുന്ന ഗൃഹജ്യോതി പദ്ധതി, വീട്ടമ്മമാർക്ക് മാസം രണ്ടായിരംരൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, ബിരുദധാരികൾക്ക് മാസം മൂവായിരം രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ബി.പി.എൽ.കുടുംബത്തിലെ അംഗങ്ങൾക്ക് മാസം പത്തുകിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി എന്നിവയാണ് നടപ്പാക്കിയത്.
വാഗ്ദാനപദ്ധതികൾ നടപ്പാക്കിയതുവഴി സർക്കാരിന് വികസനപ്രവർത്തനങ്ങൾക്ക് പണമില്ലാതായെന്നാണ് ബി.ജെ.പി.യുടെ ആരോപണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുശരിയല്ലെന്ന് വ്യക്തമാക്കി.
വാഗ്ദാന പദ്ധതികൾക്കു പുറമേ വികസനപദ്ധതികൾക്കായി 54,374 കോടിരൂപ ചെലവഴിക്കാനാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പക്ഷേ, സർക്കാർ 56,274 കോടിരൂപ ചെലവഴിച്ചതായി അദ്ദേഹം കണക്കുകൾ നിരത്തി പറഞ്ഞു.
എല്ലാ വകുപ്പുകളിലും വികസനപ്രവൃത്തികൾ നടന്നുവരുന്നതായും അറിയിച്ചു.
മന്ത്രിസഭാ പുനഃസംഘടയുടെ ആലോചന സർക്കാരിനുമുമ്പിലില്ലെന്ന് സിദ്ധരാമയ്യ ചോദ്യത്തിനുത്തരമായി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റിൽ 15 മുതൽ 20 സീറ്റുവരെ കോൺഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
2023 മേയ് 20-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ആഘോഷപരിപാടികൾ സംഘടിപ്പിക്കാനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.