ബെംഗളൂരു : തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹനപരിശോധനാ ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ലോറിയിടിച്ചു മരിച്ചു. ബിഡദി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മഹാലിംഗയ്യ (39) ആണ് മരിച്ചത്. രാമനഗര ജില്ലയിലെ ഹെഗല്ല ചെക്പോസ്റ്റിൽ ശനിയാഴ്ച രാത്രിയാണു സംഭവം.
അമിതവേഗത്തിലെത്തിയ ലോറി തടയാൻ ശ്രമിച്ചപ്പോൾ മഹാലിംഗയ്യയെ ഇടിച്ചിടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ മഹാലിംഗയ്യയെ ആശുപത്രിയിലെത്തിച്ചിരുന്നു. ലോറി നിർത്താതെ പോയി. ഡ്രൈവർക്കായി കുമ്പളഗോഡ് പൊലീസ് അന്വേഷണം ഊർജിതമാക്കി.