ബെംഗളൂരു : മൈസൂരു–ബെംഗളൂരു ആറുവരി എക്സ്പ്രസ് ഹൈവേ നിർമാണത്തിനു കരാറായി. രണ്ടരവർഷം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്ന ഉപാധിയോടെ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിനാണു ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) കരാർ നൽകിയത്. 117 കിലോമീറ്റർ പാതയ്ക്കു 6212.8 കോടി രൂപയാണു നിർമാണച്ചെലവ്.
ബിഡദി (6.9 കിലോമീറ്റർ), രാമനഗര–ചന്നപട്ടണ (22.35), മദ്ദൂർ (4.45), മണ്ഡ്യ (10.04), ശ്രീരംഗപട്ടണം (8.19) ബൈപാസുകൾ, ഒൻപതു പ്രധാന പാലങ്ങൾ, 44 ചെറിയ പാലങ്ങൾ, നാലു റെയിൽവേ മേൽപാലം ഉൾപ്പെടെയാണിത്. ഈ റൂട്ടിൽ പ്രാദേശിക ഗതാഗതം തടസ്സപ്പെടാതിരിക്കാൻ 60 കിലോമീറ്റർ സർവീസ് റോഡുകളും നിർമിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരു–മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും. കേരളത്തിലേക്കുള്ള യാത്രാസമയവും ഇതനുസരിച്ചു സുഗമമാകും. പാതയിൽ 66 ബസ് ഷെൽട്ടറുകളും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തും. ബെംഗളൂരു–നിദഘട്ട (56 കിലോമീറ്റർ)–3447 കോടിരൂപ, നിദഘട്ട–മൈസൂരു (61 കിലോമീറ്റർ)–2765 കോടി രൂപ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണു കരാർ നൽകിയത്.