ബെംഗളൂരു : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നമ്മ മെട്രോ ജീവനക്കാർ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിനു പരിഹാരം തേടിയുള്ള നിർണായക ചർച്ച ഇന്ന്. ചീഫ് ലേബർ കമ്മിഷൻ ഓഫിസിൽ വിളിച്ചു ചേർത്തിട്ടുള്ള ചർച്ച പരാജയപ്പെട്ടാൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ 22 മുതൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്നു യൂണിയൻ നേതാക്കൾ അറിയിച്ചു. പ്രശ്നത്തിനു പരിഹാരം തേടി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) ജീവനക്കാരുമായി ബുധനാഴ്ച അനൗദ്യോഗികമായി നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല.
ജീവനക്കാരുടെ ആവശ്യങ്ങളിൽ മൂന്നുമാസത്തിനകം തീരുമാനം ഉണ്ടാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ജീവനക്കാർ വഴങ്ങിയിട്ടില്ല. സമയപരിധി വച്ചുള്ള ഉറപ്പ് അംഗീകരിക്കാനാകില്ലെന്നു തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് സൂര്യനാരായണ മൂർത്തി പറഞ്ഞു. ബെംഗളൂരു മെട്രോ റെയിൽ എംപ്ലോയീസ് യൂണിയനു ബിഎംആർസിഎൽ അംഗീകാരം നൽകുക, ഇന്ത്യയിലെ മറ്റ് മെട്രോ നെറ്റ്വർക്കിലെ ജീവനക്കാരുടേതിനു സമാനമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുക, മൂന്നാം പേ റിവിഷൻ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുക എന്നീ പ്രധാന ആവശ്യങ്ങളിൽ 21നകം ഉറപ്പു ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.