ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകൾക്കു പിന്നാലെ ബിഎംടിസി ബസ് ടെർമിനലുകളിലും ഇനി വാടക സ്കൂട്ടറുകൾ. ശാന്തിനഗർ ബിഎംടിസി ടെർമിനലിലാണു ബൈക്ക് റെന്റൽ കമ്പനിയായ മെട്രോ ബൈക്സ് വാടക ഗിയർലെസ് സ്കൂട്ടറുകൾ നൽകുന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ നിർവഹിച്ചു. ബിഎംടിസി എംഡി വി.പൊന്നുരാജ്, ചെയർമാൻ നാഗരാജ് യാദവ്, വൈസ് ചെയർമാൻ ബി.ഗോവിന്ദ രാജു എന്നിവർ പങ്കെടുത്തു.
രണ്ട് മാസത്തിനുള്ളിൽ 10 ബിഎംടിസി ടെർമിനലുകളിൽ കൂടി വാടക സ്കൂട്ടർ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു തുടർയാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്കൂട്ടറുകൾ. ഗതാഗതക്കുരുക്കിൽ പെടാതെ നഗരത്തിൽ എവിടേക്കും യാത്ര ചെയ്യാൻ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്കൂട്ടറിൽ യാത്ര ചെയ്യാം.
കിലോമീറ്ററിന് ഇന്ധനചാർജ് ഉൾപ്പെടെ അഞ്ച് രൂപയാണ് വാടക സ്കൂട്ടറുകൾക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നൽകണം. ഹെൽമറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം സ്കൂട്ടറുകൾ മെട്രോ ബൈക്സിന്റെ കേന്ദ്രങ്ങളിൽ ഏൽപ്പിക്കാം. ജിപിഎസ് ഘടിപ്പിച്ച സ്കൂട്ടറുകൾ ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് നൽകിയാൽ ആർക്കും ലഭിക്കും. രാവിലെ ആറ് മുതൽ രാത്രി എട്ടുവരെയാണു സേവനം ലഭ്യമാകുക.
നമ്മ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച വാടക ബൈക്ക് പദ്ധതി വിപുലീകരിക്കുന്നു. നിലവിൽ പത്ത് ബൈക്കുകൾ വീതമാണു 36 മെട്രോ സ്റ്റേഷനുകളിലായി ഒരുക്കിയിരിക്കുന്നത്. ഇത് ഇരുപതാക്കി വർധിപ്പിക്കും. കബൺപാർക്ക്, ഹൊസഹള്ളി, എം.വിശേശ്വരയ്യ, ശ്രീരാംപുര സ്റ്റേഷനുകൾ ഒഴികെയുള്ള സ്റ്റേഷനുകളിലാണു വാടക ബൈക്കുകൾ ലഭിക്കുന്നത്. ബയ്യപ്പനഹള്ളി, മജസ്റ്റിക്, യെലച്ചനഹള്ളി, ഇന്ദിരാനഗർ സ്റ്റേഷനുകളിലാണ് വാടക ബൈക്കുകൾക്ക് ആവശ്യക്കാരേറെയുള്ളത്.