ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പുറത്ത്. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ലോകറാങ്കിങ് യഥാക്രമം ഒൻപത്, ഇരുപത്തിനാല്, അൻപത്തി അഞ്ച് എന്നിങ്ങനെ.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ആകെ 9 മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. 5.3 ബില്യൺ ഡോളർ സമ്പത്തുള്ള അദ്ദേഹം ലോകറാങ്കിങ്ങിൽ 497 ആം സ്ഥാനത്താണ്.
ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.2 ബില്യൺ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളികളിൽ മുൻനിരയിൽ. 2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. 2.1 ബില്യൺ സമ്പത്തുമായി ബൈജു രവീന്ദ്രൻ രണ്ടാമതും.
ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ (1.8 ബില്യൺ), വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യൺ) എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ.
ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവുവന്നെന്നാണ് ഫോബ്‌സ് വിലയിരുത്തൽ. 254 പേർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 150 സമ്പന്നർ പട്ടികയിൽ ആദ്യമായി ഇടം നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.