കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുന്നു

കേരളത്തിൽ ഓരോ വർഷവും നാട്ടാനകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 29 നാട്ടാനകളാണ് ചരിഞ്ഞതെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ 73 ആനകളാണ് ചരിഞ്ഞത്. 2018 ൽ 521 നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 448 ആയി കുറഞ്ഞു. വാർദ്ധക്യം, അനാരോഗ്യം,എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് ആനകളുടെ എണ്ണം കുറയാനുള്ള കാരണങ്ങൾ. കേരളത്തിൽ നിലവിലുള്ള ആനകളിൽ ഭൂരിഭാഗവും 40 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് ആന ഗവേഷകനും പഠിതാവുമായ മാർഷൽ സി രാധാകൃഷ്ണൻ പറയുന്നു.

പ്രായമാകുന്തോറും ആനകൾക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇവ നാട്ടാനകളുടെ ജീവനെടുക്കുന്നു. കാട്ടാനകളുടെ കാര്യത്തിലും ആശങ്കയുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ 1,500 ഓളം കാട്ടാനകൾ അസ്വാഭാവികമായി ചരിഞ്ഞതായാണ് കണക്ക്. വൈദ്യുതാഘാതമേറ്റും, ട്രെയിൻ ഇടിച്ചും, വേട്ടയാടൽ മൂലവും, സ്ഫോടക വസ്തുക്കൾ ഉള്ളിലെത്തിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചുമാണ് ഈ മരണങ്ങൾ സംഭവിച്ചത്.

കേരളത്തിലെ വനമേഖലകളിൽ ആറായിരത്തിലധികം കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇവ പതിവായി സഞ്ചരിക്കാനുപയോഗിക്കുന്ന ആനത്താരകൾ ഇല്ലാതാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. നാടൻ ആനകളുടെ എണ്ണം കുറയുന്നത് തടയാൻ ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം നടപ്പാക്കണമെന്ന ആവശ്യം കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ആന പരിപാലന കേന്ദ്രങ്ങളിൽ ആനകളുടെ പ്രജനനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണിത്. കർണാടകയിലെയും തമിഴ്നാട്ടിലെയും ആന പരിപാലന കേന്ദ്രങ്ങളിൽ പ്രജനനം നടക്കുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം നാട്ടാനകളും 40 വയസിന് മുകളിൽ പ്രായമുള്ളവരായതിനാൽ, അവയുടെ വംശം നിലനിർത്താൻ ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാം അത്യാവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us