ചെന്നൈ മറീന അരീനയിൽ നടന്ന ഇന്നത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ, മത്സരത്തിൻ്റെ 83ആം മിനുട്ടിൽ ഗ്രിഗറി നെൽസൺ നേടിയ ഗോളിൻ്റെ ബലത്തിൽ ചെന്നയേൻ എഫ്സി , പൂനെ സിറ്റി എഫ്സിയെ തോൽപ്പിച്ച് ലീഗിന്റെ തലപ്പത്ത്.
സൂപ്പർ താരം മാർസലീഞ്ഞോ ഇല്ലാതെ ഇറങ്ങിയ പൂനെ ആദ്യ മിനുട്ടുകൾ മുതൽ തങ്ങളുടെ ആക്രമണ ഫുട്ബോൾ തുടങ്ങി, മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ അൽഫാരോ എമിലിയാനോ ചെന്നൈയേൻ പ്രതിരോധം കീറിമുറിച്ച് ഡിയാഗോ കാർലോസിനു നൽകിയ പാസ് മുന്നോട്ടു കുതിച്ചു ഷോർട്ടുതിർക്കും മുമ്പേ ഗോൾക്കീപ്പർ കരഞ്ജീത്ത് സിങ് മുന്നോട്ടു വന്നു തടഞ്ഞു, എന്നാൽ റീബൗണ്ട് ബോൾ പൂനെ താരം ആഷിഖ് കരുണിയൻ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ചെന്നൈ ഡിഫൻഡർ മെയിൽസൺ ആൽവെസ് തടയുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ അൽഫാരോ ബോളുമായ് കുതിച്ചു , വേൾഡ് പ്ലെയർ ഇനിയേസ്റ്റയെ ഓർമ്മിപ്പിക്കുന്ന അതിമനോഹരമായ ഒരു ത്രൂ ബാൾ ആഷിഖിനു നൽകി, ഒരു ചെറിയ ടാപ്പ് ഇൻ മാത്രമേ വേണ്ടി വന്നള്ളു , പക്ഷേ നിർഭാഗ്യകരം ആഷിഖിൻ്റെ ടച്ചിൽ ബോൾ പുറത്തേക്ക്.
വീണ്ടും 12ആം മിനുട്ടിൽ ഡിയാഗോ കാർലോസിനു ചെന്നൈയേൻ പെനാൽറ്റി ബോക്സിൻ്റെ ലെഫ്റ്റ് സൈഡിൽ കിട്ടിയ ബോൾ ഒന്ന് വെട്ടിത്തിരിഞ്ഞ് പോസ്റ്റിൻ്റെ ടോപ്പ് കോർണർ ലക്ഷ്യമാക്കിയുതിർത്ത ഷോർട്ട് ഗോളിയേയും മറികടന്നു…..
എന്നാൽ അവിടെ ക്രോസ്ബാർ വില്ലനാവുകയായിരുന്നു
“ഇറ്റ്സ് സ്റ്റിൽ ഷേക്കിങ്” ആ ഷോർട്ടിൻ്റ പവ്വർ കണ്ട ഇംഗ്ലീഷ് കമൻ്റേറ്റർ അത്ഭുതം കൂറി.
പൂനെയുടെ ആക്രമണങ്ങളൊരു ഭാഗത്ത് ശക്തിയാർജിക്കുമ്പോൾ ചെന്നേയൻ എഫ്സിയും വിട്ടില്ല , മത്സരത്തിൻ്റെ 23ആം മിനുട്ടിൽ ഗ്രിഗറി നെൽസനെ തങ്ങളുടെ പെനാൽറ്റി ബോക്സിൽ വെച്ച് ആദിൽ ഖാൻ പിറകിന്നു ഷോൽഡർ പുഷ് ചെയ്തതിനു റഫറി പെനാൽറ്റി വിധിച്ചു , റെനെ മെഹേളിക് പെനാൽറ്റി എടുക്കാനായി മുന്നോട്ടു വന്നു.
പോസ്റ്റിൻ്റെ റൈറ്റ് സൈഡിലേക്ക് താരതമ്യേന ശക്തി കുറഞ്ഞൊരു ഷോട്ട് എന്നാൽ പൂനെ ഗോൾക്കീപ്പർ വിശാൽ കെയ്ത്ത് അതിമനോഹരമായൊരു ഡൈവിലൂടെ ബോൾ തടഞ്ഞു, ചെന്നൈ സ്റ്റേഡിയവും സൂപ്പർ മച്ചാൻസും നിശബ്ദം ആ നിമിഷം.
ആ മനോഹരമായ സേവ് മത്സരത്തിൻ്റെ സ്വിഫ്റ്റ് മൊമെൻ്റ് അവാർഡും കരസ്ഥമാക്കി.
ഡിയാഗോ കാർലോസും ആഷിഖും ഷോർട്ട് പാസിലൂടെ മുന്നോട്ടു കുതിച്ചെങ്കിലും ഗോൾ മാത്രം അകന്നു, അങ്ങനെ ആദ്യ പകുതി ഗോൾ രഹിതം.
രണ്ടാം പകുതിയിൽ ഗ്രൗണ്ട് സപ്പോർട്ടിൻ്റെ ബലത്തിൽ ചെന്നൈയേൻ പൊരുതി തുടങ്ങി, റഫേൽ അഗസ്റ്റോയും , അനിരുദ്ധ് താപ്പയും പകരക്കാരായ് എത്തി, അങ്ങനെ മത്സരത്തിൻ്റെ 83ആം മിനുട്ടിൽ അത് സംഭവിച്ചു. ബ്രസീലിയൻ സൂപ്പർ താരം റാഫേൽ അഗസ്റ്റോ പൂനെ ഡിഫൻസിനെ നിഷ്പ്രഭമാക്കി മനോഹരമായൊരു ത്രൂ പാസ് ഗ്രിഗറി നെൽസണു നൽകി, ഒരു ഡിഫൻഡറെ കബളിപ്പിച്ച് കട്ട് ചെയ്ത് അനായാസം ഷോർട്ടുതിർത്ത് നെൽസൺ ഫിനിഷ് ചെയ്തു….. ഗോൾ………..
മറുപടി ഗോളിനായ് പരമാവധി പരിശ്രമിച്ച സന്ദർശകരെ നിരാശരാക്കി മടക്കുകയായിരുന്നു ആതിഥേയർ , വിജയത്തോടെ ചെന്നയേൻ എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിൻ്റ് പട്ടികയിൽ ഒന്നാമത്. സൂപ്പർ മച്ചാൻസിനു മറ്റൊരു ആഘോഷ രാവും.
മത്സരത്തിലുടനീളം മികച്ച പ്രതിരോധം കാഴ്ച്ചവെച്ച മെയിൽസൺ ആൽവെസ് ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ മലയാളി താരം ആഷിഖ് കരുണിയൻ എമേർജിഗ് പ്ലെയർ അവാർഡും ഗോൾ നേടിയ ഗ്രിഗറി നെൽസൺ ഫിറ്റെസ്റ്റ് പ്ലെയർ അവാർഡും കരസ്ഥമാക്കി.
നാളെ,സൂപ്പർ സൺഡേയിലെ ആദ്യ മത്സരത്തിൽ ഡെൽഹി ഡൈനാമോസ് ബാഗ്ലൂർ എഫ്സിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുബൈ എഫ്സി കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.