വ്യാജ രേഖ ചമച്ച് പണപ്പിരിവ്, രണ്ട് പേർക്കെതിരെ കേസ്

ബെംഗളൂരു: മംഗളൂരു കമ്പള (പോത്തോട്ടം) മത്സരത്തിൽ മിന്നും വേഗം കൊണ്ട് ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെ മൂന്ന് പേർ വ്യാജ രേഖ ചമച്ച് പണം തട്ടിയതായി പരാതി. സംഭാവനയുടെ പേരിൽ വ്യാജരേഖ സൃഷ്‌ടിച്ച്‌ പൊതുജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച്‌ ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി അംഗവും എരുമകളുടെ ഉടമയുമായ ലോകേഷ് ഷെട്ടി എന്നയാളാണ് ഇവർക്കെതിരെ  പരാതി നൽകിയത്. കമ്പളയിലെ വേഗത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

മൂഡ്ബിദ്രി പോലീസ് സ്‌റ്റേഷനിലാണ് കേസ്. കമ്പള അക്കാദമിയിലെ ഗുണപാൽ കദംബ, മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തുന്ന സ്‌കൈ വീവ് ഓർഗനൈസേഷൻ ഉടമ രത്നാകർ എന്നിവരാണ്  ആരോപണവിധേയരായ മറ്റ് രണ്ട് പേർ. ശ്രീനിവാസ് ഗൗഡയുടെ പേരിൽ ഗുണപാൽ കദംബ വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് ഷെട്ടി ഉന്നയിക്കുന്ന ആരോപണം.

മൂന്ന് പ്രതികളും ലക്ഷക്കണക്കിന് രൂപ സംഭാവനയായി കൈപ്പറ്റുകയും അവരുടെ അക്കൗണ്ടുകൾ കൃത്യമായി പരിപാലിക്കുകയും ചെയ്‌തിട്ടില്ല. മൂന്നാം പ്രതിയായ രത്‌നാകരാണ് മറ്റ് രണ്ടുപേരുടെയും സഹായിയായി പ്രവർത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കൊപ്പം വ്യാജരേഖകളുടെ പകർപ്പുകളും ഷെട്ടി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.

പ്രതികൾ പൊതുജനങ്ങളിൽ നിന്നും പണപ്പിരിവിനായി സൃഷ്‌ടിച്ച വ്യാജ രേഖകളുടെ പകർപ്പുകൾ സംസ്ഥാന ആഭ്യന്തര മന്ത്രി, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്കും കൈമാറിയിട്ടുണ്ടെന്നും ലോകേഷ് ഷെട്ടി പറഞ്ഞു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂഡ്ബിദ്രി പോലീസ് ഇൻസ്‌പെക്‌ടർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us