ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) ചില ക്യാബ് ഡ്രൈവർമാർ പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളുടെ വ്യാജ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. പ്രമുഖ ടാക്സി ആപ്പുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ ആപ്പുകൾ നിർമ്മിച്ച്, അതിൽ ഉയർന്ന തുക കാണിച്ച് യാത്രക്കാരെ പറ്റിക്കുന്നതാണ് ഇവരുടെ രീതി.
ഈയിടെ വിമാനത്താവളത്തിൽ നിന്നും മല്ലേശ്വരത്തേക്ക് യാത്ര ചെയ്ത പ്രതീക് എന്ന യാത്രക്കാരന് യഥാർത്ഥ തുകയേക്കാൾ 400 രൂപയോളം അധികം നൽകേണ്ടി വന്നു. റാപ്പിഡോ ആപ്പിൽ 720 രൂപ കാണിച്ച യാത്രയ്ക്ക്, ഡ്രൈവറുടെ ഫോണിലെ ആപ്പിൽ 1110 രൂപയാണ് കാണിച്ചത്. വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവും യാത്രാമധ്യേയുള്ള ഗതാഗതക്കുരുക്കുമാണ് തുക കൂടാൻ കാരണമെന്നാണ് ഡ്രൈവർ പറഞ്ഞത്. ധൃതിയിലായിരുന്നതിനാൽ തുക നൽകിയെങ്കിലും പിന്നീട് സ്വന്തം ഫോണിലെ ആപ്പ് പരിശോധിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം യാത്രക്കാരൻ തിരിച്ചറിഞ്ഞത്. ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് യുബർ വഴി യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനും സമാനമായ അനുഭവം ഉണ്ടായി. 1330 രൂപ കാണിച്ച യാത്രയ്ക്ക് ഡ്രൈവർ ആവശ്യപ്പെട്ടത് രണ്ടായിരത്തിലധികം രൂപയായിരുന്നു. ഡ്രൈവറുടെ ഫോൺ സ്ക്രീനിലെ വ്യത്യാസങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
കഴിഞ്ഞ വർഷം തന്നെ ഈ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഏപ്രിൽ മാസം മുതൽ ഇത് വീണ്ടും വ്യാപകമായിരിക്കുകയാണ്. നിരവധി യാത്രക്കാരാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെക്കുന്നത്. സാധാരണ ആപ്പിൽ യാത്ര ആരംഭിച്ച് ഒടിപി നൽകിയ ശേഷം, ഡ്രൈവർമാർ ഫോണിൽ സമാന്തരമായി മറ്റൊരു വ്യാജ ആപ്പ് കൂടി ഓൺ ചെയ്യുകയാണ് പതിവെന്ന് കർണാടക ചാലകര ഒക്കൂത പ്രസിഡന്റ് ജി. നാരായണസ്വാമി പറഞ്ഞു. ഈ വ്യാജ ആപ്പുകളിൽ യഥാർത്ഥ തുകയുടെ ഇരട്ടിയോളം കാണിക്കും. കാണാൻ യുബർ, റാപ്പിഡോ ആപ്പുകൾ പോലെ തന്നെയിരിക്കുന്ന ഇവയിൽ ചിലർ ഉയർന്ന തുക കാണിക്കുന്ന വ്യാജ സ്ക്രീൻഷോട്ടുകളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയം യൂണിയന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിമാനത്താവളത്തിൽ മാത്രമല്ല നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പരാതികൾ ഉയരുന്നുണ്ടെന്ന് റാപ്പിഡോ വക്താവ് അറിയിച്ചു. പരാതികൾ ലഭിച്ചയിടങ്ങളിൽ അന്വേഷണം നടത്തി യാത്രക്കാർക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർ സ്വന്തം ഫോണിലെ ആപ്പിൽ കാണിക്കുന്ന തുക മാത്രം ഡ്രൈവർമാർക്ക് നൽകാൻ ശ്രദ്ധിക്കണമെന്നും കമ്പനി ഓർമ്മിപ്പിച്ചു. യാത്രാ നിരക്കിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യാത്രക്കാർക്ക് തങ്ങളുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെ സഹായം തേടാമെന്ന് യുബർ വക്താവും അറിയിച്ചു. തട്ടിപ്പുകൾ ഒഴിവാക്കാൻ വിമാനത്താവളം അംഗീകരിച്ചിട്ടുള്ള ഒള, യുബർ, നമ്മ യാത്രി ഉൾപ്പെടെയുള്ള എട്ട് ഔദ്യോഗിക ക്യാബ് സർവീസുകൾ മാത്രം തിരഞ്ഞെടുക്കാൻ വിമാനത്താവള അധികൃതരും യാത്രക്കാരോട് നിർദ്ദേശിക്കുന്നു.
