ബെംഗളൂരു : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ബംഗളൂരു ഫ്രീഡം പാർക്കിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികളും പ്രക്ഷോഭകരും ഒത്തുചേർന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദം പങ്കുവെച്ച പ്രതിഷേധക്കാർ, സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളോടെ ഫ്രീഡം പാർക്കിനെ പ്രതിഷേധ കടലാക്കി മാറ്റി.
പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ നടൻ കിഷോർ വിദ്യാർത്ഥികളുടെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്തു. എന്നാൽ പ്രക്ഷോഭത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിക്രൂരമായ പോലീസതിക്രമങ്ങൾക്ക് ഇരയായ വിദ്യാർത്ഥികളുടെ ത്യാഗം നാം മറക്കരുത്. അറസ്റ്റിലായ മുഴുവൻ വിദ്യാർത്ഥികളെയും പൗരന്മാരെയും നിബന്ധനകളില്ലാതെ മോചിപ്പിക്കണം. സർക്കാരും പോലീസും അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തിയ ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും വിചാരണ ചെയ്ത് ജയിലിലടയ്ക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് തെളിയിച്ച യുവാക്കളുടെ വീര്യത്തിന് കിഷോർ നന്ദി രേഖപ്പെടുത്തി.
എസ്.എഫ്.ഐ (SFI), ഡി.വൈ.എഫ്.ഐ (DYFI), എ.ഐ.ഡി.എസ്.ഒ (AIDSO) തുടങ്ങിയ വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡോ. ബി.ആർ. അംബേദ്കറെയും ഭരണഘടനയെയും ഉയർത്തിപ്പിടിച്ച പ്രതിഷേധക്കാർ, സർക്കാരിന്റെ ഏകാധിപത്യപരമായ നയങ്ങൾക്കും വിലക്കയറ്റത്തിനും തൊഴില്ലായ്മയ്ക്കുമെതിരെ രോഷമുയർത്തി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് (NEET) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, ലത്തിച്ചാർജ് തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രമുഖ വ്യവസായികളായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവർക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴങ്ങി.
പ്രശസ്ത മിമിക്രി കലാകാരനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ ശ്യാം രംഗീല വേദിയിലെത്തിയതോടെ ആഘോഷങ്ങൾക്ക് പുതിയ ഊർജ്ജം കൈവന്നു. പ്രധാനമന്ത്രിയുടെ ശൈലി അനുകരിച്ചുകൊണ്ട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെയും ഇന്ധനവില വർദ്ധനവിനെയും പരീക്ഷാ ചോർച്ചകളിലെ ഔദ്യോഗിക ന്യായീകരണങ്ങളെയും അദ്ദേഹം പരിഹസിച്ചു. ജനാധിപത്യത്തിൽ വിദ്യാർത്ഥികളുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, ഏത് ഭരണകൂടം വന്നാലും ചോദ്യം ചെയ്യാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള യുവാക്കളുടെ ധൈര്യമാണ് ജനാധിപത്യത്തെ ജീവനോടെ നിലനിർത്തുന്നതെന്നും പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി. നീറ്റ് പരീക്ഷ പൂർണ്ണമായും നിരോധിക്കണമെന്നും അർഹരായ 8 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് നിലവിൽ സീറ്റ് ലഭിക്കുന്നതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]