ബെംഗളൂരു: നഗരസഭാ സംവിധാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും അനാസ്ഥമൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ മെട്രോ നഗരങ്ങളിൽ ബെംഗളൂരു വീണ്ടും ഒന്നാമത്. ദേശീയ കുറ്റകൃത്യ റെക്കോർഡ് ബ്യൂറോ (NCRB) പുറത്തുവിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം, നഗരസഭാ അനാസ്ഥകൾ കാരണം 17 മരണങ്ങളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം വർഷമാണ് ഈ ദൗർഭാഗ്യകരമായ പട്ടികയിൽ നഗരം ഒന്നാം സ്ഥാനത്തെത്തുന്നത്. ഇതേ കാലയളവിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ നാല് മരണങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.
തകർന്നു കിടക്കുന്ന നടപ്പാതകളും വൈദ്യുത ലൈനുകൾ പൊട്ടിവീഴുന്നതുമാണ് നഗരത്തിലെ പ്രധാന വില്ലന്മാരായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മഴയും കാറ്റും കാരണമാണ് പലപ്പോഴും വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്നതെന്നാണ് ബെസ്കോം (Bescom) അധികൃതരുടെ വാദം. കൃത്യമായ ഓഡിറ്റുകളും അറ്റകുറ്റപ്പണികളും നടത്താറുണ്ടെങ്കിലും പ്രകൃതിക്ഷോഭങ്ങൾ തിരിച്ചടിയാകുന്നുവെന്ന് അധികൃതർ അവകാശപ്പെടുന്നു.
നടപ്പാതകളിൽ ഭീതി; വകുപ്പുകൾ തമ്മിൽ പഴിചാരൽ
നടപ്പാതകളിൽ തൂങ്ങിക്കിടക്കുന്ന കേബിളുകളും തകർന്ന സ്ലാബുകളും കാരണം റോഡിലൂടെ നടക്കാൻ ജനങ്ങൾ നിർബന്ധിതരാകുകയാണെന്ന് താമസക്കാർ പരാതിപ്പെടുന്നു. ഇത് പലപ്പോഴും വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. എന്നാൽ, മറ്റ് വകുപ്പുകളെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ശ്രമിക്കുന്നത്. ജലവിതരണ ബോർഡും (BWSSB) ബെസ്കോമും റോഡുകൾ കുഴിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും തങ്ങൾ നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണെന്നും ജിബിഎ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ജനരോഷം ശക്തം
കുഴികളില്ലാത്ത റോഡുകളും സുരക്ഷിതമായ നടപ്പാതകളും ജനങ്ങളുടെ അടിസ്ഥാന അവകാശമാണെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രഖ്യാപനങ്ങൾ നടത്തുകയും കാലാവധി നിശ്ചയിക്കുകയും ചെയ്യുന്നതല്ലാതെ പ്രായോഗികമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് ജെപി നഗർ, നോർത്ത് ബെംഗളൂരു എന്നിവിടങ്ങളിലെ താമസക്കാർ പറയുന്നത്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മടിയും നഗരത്തിലെ മരണക്കണക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായും റിപ്പോർട്ട് അടിവരയിടുന്നു.
