ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മീഡിയൻ മറികടന്ന് കെ.എസ്.ആർ.ടി.സി (കർണാടക) ബസ്സിലിടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി 11.30-ഓടെ സിദ്ധരക്കല്ലു ഫ്ലൈ ഓവറിൽ, ജിൻഡാലിന് സമീപമുള്ള കാനറ ബാങ്കിന് എതിർവശത്താണ് അപകടം സംഭവിച്ചത്. തുമകുരു ഭാഗത്തുനിന്ന് ബെംഗളൂരുവിലേക്ക് അമിതവേഗതയിൽ വരികയായിരുന്ന ടാറ്റ ഇൻഡിക്ക കാറാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിലായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിടുകയും റോഡിന് നടുവിലെ ഡിവൈഡർ (മീഡിയൻ) ചാടിക്കടന്ന് മറുഭാഗത്തേക്ക് കുതിക്കുകയുമായിരുന്നു. അതേസമയം എതിർദിശയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് കാർ അതിശക്തമായി ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ഹുബ്ബള്ളിയിലേക്ക് 55 യാത്രക്കാരുമായി പോവുകയായിരുന്നു താനെന്നും, പെട്ടെന്ന് ഒരു കാർ ഡിവൈഡർ കടന്ന് ബസ്സിലേക്ക് പറന്നുവീഴുകയായിരുന്നു എന്നും ബസ് ഡ്രൈവർ കെമ്പരാജ് പറഞ്ഞു. വലിയ ശബ്ദത്തോടെയുണ്ടായ അപകടത്തിൽ ബസ്സിന്റെ ചില്ലുകൾ തെറിച്ചുവീണ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]