ബെംഗളൂരു : നഗരത്തിൽ തെരുവുനായകളുടെ കണക്കെടുപ്പ് നടത്താൻ സ്കൂൾ അധ്യാപകരെ നിയോഗിക്കാൻ കോർപ്പറേഷന്റെ ഉത്തരവ്. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മിഷണറാണ് ഉത്തരവിട്ടത്. ഇതിനെതിരേ സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് രംഗത്തെത്തി.
അധ്യാപകർക്ക് അക്കാദമികമായ ഒട്ടേറെ ജോലികളുണ്ടെന്നും ഇതിനിടെ തെരുവുനായകളുടെ കണക്കെടുക്കാൻ കഴിയില്ലെന്നും അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ ഓഫ് കർണാടക(കാംസ്) വ്യക്തമാക്കി.
തെരുവുനായകളെ നിയന്ത്രിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് കണക്കെടുപ്പ് നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്.
സ്കൂൾപരിസരത്തും സമീപപ്രദേശങ്ങളിലുമുള്ള നായകളുടെ കണക്കെടുപ്പ് സ്കൂൾ ജീവനക്കാർ നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. അധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക് ഇതിനകംതന്നെ ജോലിഭാരം കൂടുതലാണെന്നും അതിനാൽ അധികജോലി ഏൽപ്പിക്കാൻ സാധിക്കില്ലെന്നുമാണ് മാനേജ്‌മെന്റുകൾ വാദിക്കുന്നത്.
കോർപ്പറേഷൻ ഉത്തരവ് പിൻവലിക്കുകയോ അല്ലെങ്കിൽ നിർബന്ധമാക്കുന്നതിനുപകരം നിർദേശമായി മാറ്റുകയോ വേണമെന്ന് കാംസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ ജീവനക്കാരെയും അധ്യാപകരെയും നിയോഗിക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. അതിനാൽ, കണക്കെടുപ്പിന് അധ്യാപകരെ നിയോഗിക്കാൻ സാധിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് സമീപം തെരുവുനായകൾ കൂട്ടംകൂടുന്നതിനുകാരണം മാലിന്യനിക്ഷേപമാണ്. ഭക്ഷണാവശിഷ്ടങ്ങൾ അടക്കം സ്കൂളുകൾക്കുസമീപം നിക്ഷേപിക്കുന്നത് തടയണം.
ഇതിന് കോർപ്പറേഷൻ നടപടിയെടുക്കണമെന്നും സ്കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. നഗരത്തിൽ തെരുവുനായശല്യം അതിരൂക്ഷമാണ്. ഏതാനും മാസങ്ങൾക്കുമുൻപ് വയോധികൻ തെരുവുനായകളുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
തെരുവുനായകളുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ എടുക്കുന്ന പല തീരുമാനങ്ങളും വിവാദമാകുകയാണ്. തെരുവുനായകൾക്ക് മാംസഭക്ഷണം നൽകുന്നതിന് പുതിയപദ്ധതി ആരംഭിച്ചത് കഴിഞ്ഞിടയ്ക്ക് വിവാദമായിരുന്നു.
കൃതമായി ഭക്ഷണം കിട്ടാത്തതാണ് നായകളെ കൂടുതൽ അപകടകാരികളാക്കി മാറ്റുന്നതെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു ഈ പദ്ധതി ആരംഭിച്ചത്. ഇതിനെതിരേയും വലിയ വിമർശനം ഉയർന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.