കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി അറസ്റ്റുചെയ്തു; രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ്

ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പു ചുമത്തിയാണ് നടപടി. കാർവാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് സതീഷ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 13-നും 14-നും ഇഡി ഉദ്യോഗസ്ഥർ കാർവാർ, ഗോവ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സതീഷുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.

സതീഷിന്റെ വീട്ടിൽനിന്ന് 1.41 കോടി രൂപയും സതീഷുമായി ബന്ധമുള്ള ലാൽമഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് 27 ലക്ഷം രൂപയും കുടുംബത്തിന്റെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 6.75 കിലോഗ്രാം സ്വർണാഭരണവും പിടിച്ചെടുത്തിരുന്നു. സതീഷിന്റെ പേരിലുൾപ്പെടെയുള്ള 14.13 കോടി രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിക്കുകയും ചെയ്തു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡും മറ്റു കമ്പനികളും ചേർന്ന് ഉത്തരകന്നഡ ജില്ലയിലെ ബിലികെരി തുറമുഖത്തുനിന്ന്‌ ഉദ്യോഗസ്ഥരുടെ സഹായത്തോടെ 1.25 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിക്കൊണ്ടുപോയെന്നാണ് കേസ്.

2010 എപ്രിൽ 19-നും ജൂൺ 10-നുമിടയിലാണെന്നും ഇഡി കണ്ടെത്തി. വനംവകുപ്പ് പിടിച്ചിട്ടിരുന്ന ഇരുമ്പയിരായിരുന്നു കടത്തിയത്. 86.78 കോടി രൂപയുടെ ഇരുമ്പയിരാണ് കടത്തിയത്. 2010-ൽ ലോകായുക്തയാണ് ആദ്യം കേസെടുത്ത് അന്വേഷിച്ചത്.

കേസിൽ കഴിഞ്ഞവർഷം സതീഷ് സെയിലിനും കൂട്ടുപ്രതികൾക്കും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈവിധിയുടെ ചുവടുപിടിച്ചാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇഡി അറസ്റ്റിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയപ്രേരിതമാണെന്നും കോൺഗ്രസുകാരെ ഇഡി ലക്ഷ്യമിടുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.

ഏതാനും ആഴ്ചകൾക്കിടയിൽ ഇഡി അറസ്റ്റുചെയ്യുന്ന രണ്ടാമത്തെ കോൺഗ്രസ് എംഎൽഎയാണ് സതീഷ് സെയിൽ. ചിത്രദുർഗ എംഎൽഎ കെ.സി. വീരേന്ദ്രയെ നിയമവിരുദ്ധ ചൂതാട്ടക്കേസിൽ ഇഡി അടുത്തിടെ അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts