ബെംഗളൂരു : ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാനുള്ള വാഹനപരിശോധന ശ്രദ്ധയോടെ നടത്തണമെന്ന് ട്രാഫിക് പോലീസിന് നിർദേശം.
അപകടമുണ്ടാക്കുന്ന വിധത്തിൽ പരിശോധനകൾ നടത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി എം.എ. സലീം നിർദേശംനൽകി.
കഴിഞ്ഞദിവസം മാണ്ഡ്യയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞു മൂന്നുവയസ്സുകാരി മരിച്ച സംഭവത്തെത്തുടർന്നാണ് നടപടി.
സുരക്ഷ ഉറപ്പാക്കി വേണം പരിശോധനകൾ നടത്തേണ്ടതെന്നും മിന്നൽപരിശോധനകൾ വേണ്ടെന്നുമാണ് നിർദേശം.
വേഗത്തിൽപോകുന്ന വാഹനങ്ങൾ പിടിച്ചു നിർത്തിയുള്ള പരിശോധന ഒഴിവാക്കണം. ദേശീയപാതകളിൽ വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തുന്നതിന് മുൻപ് വേഗംകുറയ്ക്കാൻ റോഡിൽ ബാരിക്കേഡ് വെയ്ക്കണം.
ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് യാത്രക്കാരെ പിടിച്ചിറക്കാൻ ശ്രമിക്കരുത്. വാഹനങ്ങൾ നിർത്തുമ്പോൾ താക്കോൽ എടുത്തു കൊണ്ടുപോകുന്നതും അവസാനിപ്പിക്കണം.
നിയമലംഘനം പ്രകടമായി കണ്ടാൽമാത്രം വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ചാൽ മതിയെന്നും പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു.
പോലീസുകാർ തങ്ങളുടെ സുരക്ഷയും വാഹനയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കി വേണം പരിശോധനകൾ നടത്തേണ്ടത്.
സന്ധ്യാസമയത്തും രാത്രിയിലും റോഡിൽ ഗതാഗതം നിയന്ത്രിയ്ക്കുമ്പോൾ എൽഇഡി ബാറ്റണും റിഫളക്ടീവ് ജാക്കറ്റും ഉപയോഗിക്കണം. വാഹനങ്ങൾക്കുള്ളിൽ പരിശോധന നടത്തുമ്പോൾ ദൃശ്യങ്ങൾ പകർത്തണം.
നല്ലവെളിച്ചമുള്ള സ്ഥലങ്ങളിൽ നിർത്തിയിട്ടു വേണം പരിശോധന നടത്തേണ്ടത്. വാഹനങ്ങൾ വേഗത്തിൽവരുമ്പോൾ മുന്നിൽ ക്കയറി തടയുന്നതിന് പകരം നമ്പർ കുറിച്ചെടുത്ത് വിവരം കൺട്രോൾ റൂമിൽ അറിയിച്ചാൽ മതി.
നിയമലംഘനം നടത്തിയവരെ പിന്തുടർന്നു പിടിക്കുന്നതും ഒഴിവാക്കി നമ്പർ കുറിച്ചെടുത്ത് തുടർ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.