ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പുരുഷാധിപത്യം വാഴുന്ന ലോകത്ത് സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹിക തുല്യത, നേട്ടങ്ങൾ എന്നിവ ഓർമ്മപ്പെടുത്തുന്നതിനായാണ് വനിതാദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം എന്നീ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടം അടയാളപ്പെടുത്താൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.
1857 മാർച്ച് 8 ന് മെച്ചപ്പെട്ട വേദനം, ജോലി സമയം കുറയ്ക്കുക, വോട്ടവകാശം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ന്യുയോർക്കിലെ തുണിമില്ലിൽ ജോലി ചെയ്‌തിരുന്ന സ്ത്രീകൾ നടത്തിയ പ്രക്ഷോഭമാണ് വനിതദിനമെന്ന ആശയത്തിന് ആരംഭം കുറിച്ചത്. ഇതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തങ്ങളുടെ അവകാശങ്ങൾക്കായി സ്ത്രീകൾ ശബ്‌ദം ഉയർത്താൻ ആരംഭിച്ചു.
വർഷങ്ങൾക്ക് ശേഷം ലോക വനിതാദിനം ആഘോഷിക്കുന്നതിനായി മാർച്ച് 8 എന്ന തിയതി ഒറ്റകെട്ടായി തെരഞ്ഞെടുക്കുകയും ചെയ്‌തു. അങ്ങനെ 1911 ലാണ് മാർച്ച് 8 ന് ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച്. 1975 ലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചത്.
ഇന്നും വിവിധ അവകാശങ്ങൾക്കായുള്ള സ്ത്രീ പോരാട്ടം നടന്നു കൊണ്ടിരിക്കുമ്പോഴും പുരുഷ സമൂഹം കൈയ്യടക്കി വച്ചിരുന്ന പല മേഖലകളും ഇന്ന് സ്ത്രീയുടേത് കൂടിയായി മാറിക്കഴിഞ്ഞു. എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് പുരുഷന്മാരോടൊപ്പം ഒപ്പത്തിനൊപ്പം ചേർന്ന് മുന്നേറുന്ന സ്ത്രീകളെ ഇന്ന് ലോകത്തുടനീളം നമുക്ക് കാണാനാകും
വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്.ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത സാമൂഹിക പ്രതീക്ഷകളുമെല്ലാം സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമായി ഇന്നും തുടരുന്നു.
സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു സമീപനം മാത്രമല്ല.സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും ആഗോള വികസനത്തിനുമെല്ലാം അനിവാര്യമായ കാര്യമാണത്. ലോകമെമ്പാടും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.