ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ദർശന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കാൻ സാധ്യതയുണ്ട്. ദർശന് ജാമ്യം നൽകിയതിനെ എതിർത്ത് ബെംഗളൂരു പോലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു ഇതിൽ ഉടൻ വാദം കേൾക്കാനാണ് സാധ്യത.
ദർശന്റെ നിയമസംഘം കപിൽ സിബലിനെ സമീപിച്ചതയാണ് റിപ്പോർട്ട്. കേസ് ചരിത്രം, അനുബന്ധ രേഖകൾ, ഹൈക്കോടതിയിലെ വാദങ്ങൾ, എതിർ വാദങ്ങൾ എന്നിവ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ദർശന് അനുകൂലമായി വാദിക്കാൻ കപിൽ സിബൽ സമ്മതിച്ചാൽ മാർച്ച് 18 ന് അദ്ദേഹമാകും കോടതിയിൽ ഹാജരാകുക.
ഡിസംബർ 13 ന് നടൻ ദർശനും അടുത്ത സുഹൃത്ത് പവിത്ര ഗൗഡയും മറ്റ് പ്രതികളും ജാമ്യം നേടിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡിസംബർ അവസാനം ബെംഗളൂരു പോലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അഭിഭാഷകൻ അനിൽ നിഷാനി മുഖേന സർക്കാർ 1,492 പേജുള്ള രേഖകളുമായി അപ്പീൽ സമർപ്പിച്ചു.
1,492 പേജുള്ള രേഖകളിൽ ഹൈക്കോടതി ജാമ്യ ഉത്തരവ്, കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെയും പരാതിയുടെയും പകർപ്പ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ കാരണങ്ങൾ, കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ വിവർത്തനം, ദൃക്‌സാക്ഷികളുടെ മൊഴികളുടെ വിവർത്തനം,
ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (എഫ്‌എസ്‌എൽ) റിപ്പോർട്ട്, കോൾ ഡീറ്റെയിൽ രേഖകൾ, പഞ്ചനാമ റിപ്പോർട്ട്, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ മെറ്റീരിയലുകളുടെ വിശകലനം, സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്, ദർശന് അനുവദിച്ച ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ്, ജയിലിൽ നിന്ന് ദർശനെക്കുറിച്ച് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട്, ബിജിഎസ് ആശുപത്രി ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.