ബെംഗളൂരു : ഓട്ടോഡ്രൈവർ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒല കാബ് ഉടമകളായ എ.എൻ.ഐ. ടെക്‌നോളജീസിന് പിഴ. യാത്രക്കാരിക്ക് കമ്പനി അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.
ബെംഗളൂരുവിൽ 2019-ലാണ് സംഭവം. യാത്രക്കാരിയുടെ പരാതിയിൽ കമ്പനിയുടെ ആഭ്യന്തര പരാതിപരിഹാരസമിതി ജോലിസ്ഥലത്ത് സ്ത്രീകൾക്കുനേരേയുള്ള ലൈംഗികാതിക്രമ(തടയൽ, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥയനുസരിച്ച് അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് എം.ജി.എസ്. കമാലിന്റെ ബെഞ്ച് നിർദേശിച്ചു. 90 ദിവസത്തിനകം നടപടി പൂർത്തിയാക്കി ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകണം. വ്യവഹാര ചെലവുകൾക്കായി 50,000 രൂപയും എ.എൻ.ഐ. ടെക്‌നോളജീസ് നൽകണം.
ലൈംഗികാതിക്രമത്തിന് ഇരയായെന്നും ഡ്രൈവർക്കെതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടും സംഭവംനടന്ന അന്നുതന്നെ യാത്രക്കാരി കമ്പനിക്ക് പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. അന്വേഷണം നടത്താൻ തങ്ങൾക്ക് അധികാരമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമം ഒല കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ടാക്സിസേവനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ നിയമംവേണമെന്ന് സംസ്ഥാനസർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
എ.എൻ.ഐ. ടെക്‌നോളജീസിനോട് വിശദീകരണം ആവശ്യപ്പെട്ട് നേരത്തേ നോട്ടീസ് അയച്ച സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയോട് വിഷയവുമായി മുന്നോട്ടുപോകാനും 90 ദിവസത്തിനകം നടപടിക്രമം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. ഒല ട്രാൻസ്പോർട്ട് കമ്പനി പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഡ്രൈവറുടെ പ്രവൃത്തികൾക്ക് കമ്പനി ഉത്തരവാദിയാണ്. കരാറുകാരായ ഡ്രൈവർമാർ ഉൾപ്പെടുന്ന കേസുകളിൽ തൊഴിൽനിയമം പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജി തള്ളണമെന്നും കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.